ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തിൽ കുന്നുകൂടിയ കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്താൻ ക്ഷേത്ര കലാപീഠത്തിൽ നിന്ന് മുപ്പതോളം വിദ്യാർത്ഥികളെ എത്തിച്ചു. 15 പേരേക്കൂടി ഉടൻ എത്തിക്കും. ഭണ്ഡാരം സ്പെഷ്യൽ ഓഫീസറുടെ മുറിയിൽ കാണിക്ക എണ്ണാൻ കൂടുതൽ മേശകളും തയ്യാറാക്കി.എണ്ണുന്ന ജീവനക്കാരുടെ കുറവുമൂലം ഭണ്ഡാരത്തിൽ കാണിക്കപ്പണം കുന്നുകൂടുന്നതായി കേരളകൗമുദി ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷത്തേക്കാൾ കാണിക്കയിൽ ഇത്തവണ ഇരട്ടിയിലേറെ വർദ്ധനയുണ്ട്. കൊട്ടകളിലും അരവണ ടിൻ വരുന്ന കാർഡ് ബോർഡ് പെട്ടികളിലുമാണ് കാണിക്ക സൂക്ഷിച്ചിരിക്കുന്നത്. വെറ്റില, അടയ്ക്ക എന്നിവയ്ക്കൊപ്പം കെട്ടിയാണ് പലരും കാണിക്കയിടുന്നത്. ഇത് യഥാസമയം എണ്ണിത്തിട്ടപ്പെടുത്തിയില്ലെങ്കിൽ അടയ്ക്കാ തോട് അളിഞ്ഞ് നോട്ടുകൾ നശിക്കും.
കാണിക്ക എണ്ണുന്നത് പുറത്തുനിന്ന് കാണാത്ത വിധം ഗ്ലാസിട്ടാണ് പുതിയ ഭണ്ഡാരം തയ്യാറാക്കിയത്. മൂന്ന് ഷട്ടർ ഒഴിച്ച് ബാക്കിയെല്ലാം താഴ്ത്തിയിട്ടിരിക്കുകയാണ്.
തിരുപ്പതി മോഡൽ
നാണയങ്ങൾ തരംതിരിച്ച് തൂക്കി തുക കണക്കാക്കുന്ന സംവിധാനമാണ് തിരുപ്പതി ക്ഷേത്രത്തിലേത്. ശബരിമലയിലും ഈ രീതി കൊണ്ടുവരുന്നത് ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്.