shane-nigam-

കൊച്ചി: വിവാദം മൂക്കവേ വെയിൽ സിനിമാ ടീമിന് 'പണികൊടുത്ത്' നടൻ ഷെയിൻ നിഗത്തിന്റെ രൂപമാറ്റം. വെയിൽ സിനിമാക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് മുടിയും താടിയും വടിച്ചു. സിനിമ പൂർത്തിയാകാൻ ഇനി 15 ദിവസം ബാക്കി നിൽക്കെയാണ് നടൻ തന്റെ ഗെറ്റപ്പിൽ അടിമുടി മാറ്റം വരുത്തിയത്. രൂപമാറ്റം വരുത്തിയ ഈ ചിത്രം വെയിൽ സിനിമയുടെ സംവിധായകന് പ്രതിഷേധിക്കുന്നു എന്ന കുറിപ്പോടെ അയച്ചു കൊടുക്കുകയും ചെയ്തു.

മുടിയും താടിയും വളർത്തിയ രൂപമാണ് സിനിമയ്ക്ക് ആവശ്യം. പഴയ രൂപത്തിലേക്ക് എത്താൻ ഇനി ഒരു മാസമെങ്കിലുമെടുക്കും. ഈ സിനിമയുടെ ഷെഡ്യൂൾ ബ്രേക്കിനിടെ ഷെയിൻ മുടി വെട്ടിയതുമായി ബന്ധപ്പെട്ടാണ് ആദ്യം വിവാദം ഉടലെടുക്കുന്നത്. മുടി വെട്ടിയതിന് നിർമ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന് ഷെയിൻ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. തുടർന്ന് ചലച്ചിത്ര സംഘടനകളുടെ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ 15 ദിവസം വെയിൽ സിനിമ ചിത്രീകരിക്കാനായി നൽകാമെന്ന് ഷെയിൻ സമ്മതിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം ഷെയിൻ ഷൂട്ടിംഗിന് ചെല്ലാതിരുന്നത് വീണ്ടും വിവാദമായി. ഇത്തവണ സംവിധായകൻ ശരത്തിനെതിരെയാണ് ഷെയിൻ ആരോപണമുന്നയിച്ചത്. വെയിലിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ട് മാത്രം ഷെയിനിനെ ചിത്രങ്ങളിൽ അഭിനയിപ്പിച്ചാൽ മതിയെന്ന് നിർമ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഷെയിൻ മുടിയും താടിയും വടിച്ചു കളഞ്ഞത്.

ഈ തർക്കത്തിൽ ​ ഇപ്പോൾ ഇടപെടുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ഷെയിനിനെ സിനിമയിൽ നിന്ന് വിലക്കുന്ന കാര്യം നിർമ്മാതാക്കളുടെ സംഘടന രേഖാമൂലം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.