photo

കൊട്ടാരക്കര: വോളിയിൽ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മിന്നിത്തിളങ്ങേണ്ട ജെ.എസ്. ശ്രീറാം ജീവിതത്തിന്റെ കോർട്ടിൽ നിന്ന് പാതിവഴിയിൽ മടങ്ങുമ്പോൾ ആ വിയോഗ വാർത്ത വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല. വോളിബാളും ബൈക്ക് യാത്രയും ജീവനായിരുന്നു ശ്രീറാമിന്.

കടയ്ക്കലിൽ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ബൈക്കപകടത്തിന്റെ രൂപത്തിൽ മരണം ശ്രീറാമിനെ തട്ടിയെടുത്തത്. ഞായറാഴ്ച രാത്രി 11.30ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നിലമേലിൽ ഇറക്കിയശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

നിലമേൽ എൻ.എസ്.എസ് കോളേജിലെ മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായിരുന്ന ശ്രീറാം കുട്ടിക്കാലത്തുതന്നെ വോളിബാളിനോട് കമ്പംതോന്നി കളിക്കാരനായതാണ്. വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള ചിരട്ടക്കോണം സംസ്‌കൃതി ക്ളബിൽ നിന്നാണ് ആദ്യമായി പന്ത് കൈയിലെടുത്തത്. കോളേജ് ടീമിലും അതുവഴി സംസ്ഥാന ടീമിലുമെത്തി. ദേശീയ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മുന്നണി പോരാളിയായിരുന്നു. കൂട്ടുകാർ രാമൻ എന്നാണ് വിളിക്കുന്നത്. രാമൻ കളിക്കാനുണ്ടെങ്കിൽ കൂട്ടുകാർക്ക് ആവേശമാണ്. മത്സരങ്ങൾക്കായി ഏതുനാട്ടിലെത്തിയാലും അവിടെ സുഹൃത്തുക്കളെ സമ്പാദിക്കുന്നതാണ് ശ്രീറാമിന്റെ പ്രകൃതം. എത്ര ദൂരത്തായാലും കൂട്ടുകാരെത്തേടി ബൈക്കിൽ ശ്രീറാം ഇടയ്ക്കിടെ എത്താറുമുണ്ട്. ബൈക്ക് ഓടിക്കുന്ന ലഹരിയിൽ ശ്രീറാം ദൂരം മറന്നുപോകുമെന്നാണ് അടുത്ത കൂട്ടുകാർ പറയുന്നത്.
അടുത്തിടെ ധനുഷ്കോടിയിൽ പോയതും ബൈക്കിലാണ്. ഹെൽമറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളുമൊക്കെ ഉപയോഗിക്കാറുണ്ട്. കൂട്ടുകാരെ ഇക്കാര്യത്തിൽ നിർബന്ധിക്കാറുമുണ്ട്. പക്ഷേ, ബൈക്ക് അപകടത്തിന്റെ രൂപത്തിൽ അവന്റെ മരണമെത്തുമെന്ന് ആരും നിനച്ചില്ല.