hibi-eden

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ലോക്‌സഭയിൽ ബഹളം വച്ചതിന് എം.പിമാരായ ടി.എൻ പ്രതാപനും ഹൈബിക്കുമെതിരെ കൂടുതൽ നടപടിയുമായി സ്പീക്കർ. എം.പിമാരുടെ പ്രവർത്തിയിൽ സ്‌പീക്കർക്ക് കടുത്ത അതൃപ്തിയാണുള്ളത്. അഞ്ചു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്ന നിർദേശവും സ്പീക്കറുടെ പരിഗണനയിലുണ്ട്.

ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനർ ലോക്‌സഭയിൽ ഉയർത്തിയതിന് ടി.എൻ പ്രതാപനെയും ഹൈബിയേയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനിടെ രമ്യ ഹരിദാസ് എം.പിക്ക് നേരെ പാർലമെന്റിൽ കൈയ്യേറ്റ ശ്രമം നടന്നെന്നും പരാതിയുണ്ട്. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് രമ്യ ഹരിദാസിനെയും ചില കോൺഗ്രസ് എം.പിമാരെയും പിടിച്ചുമാറ്റുകയായിരുന്നു. രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.