കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ ഭക്തയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സർവേയർ കെ. എൻ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന താത്കാലിക ഡ്രൈവർ കെ.കെ. രഞ്ജിത്തിനെ പിരിച്ചുവിടുകയും ചെയ്തു. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 3.30ന് ചോറ്റാനിക്കര നടപ്പന്തലിൽ നിർമ്മാല്യം തൊഴാനിരുന്ന ഭക്തയോട് മദ്യലഹരിയിൽ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് നെഞ്ചത്തടിച്ച് കരഞ്ഞ ഭക്തയെ പിന്നാലെ പോയി ആക്ഷേപിച്ചെന്ന് ഇവരുടെ മൊഴിയിൽ പറയുന്നു. ഇതിനിടെ മറ്റൊരു യുവതിയോടും മോശമായി പെരുമാറിയത്രെ. തുടർന്ന് ഭക്തർ സംഘടിച്ച് ഇരുവരെയും കൈകാര്യം ചെയ്തു. അനിൽകുമാറിനെ കെട്ടിയിട്ട് മർദ്ദിച്ചതായി ഒരു ഭക്തൻ പറഞ്ഞു. ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഒടുവിൽ സെക്യൂരിറ്റിക്കാർ ഇടപെട്ട് രക്ഷിക്കുകയായിരുന്നു. രഞ്ജിത്തിന്റെ മുഖത്ത് പത്ത് തുന്നലുണ്ട്. പട്ടികജാതിക്കാരിയായ ഭക്തയുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞദിവസം കേസെടുത്തു. പിന്നാലെയാണ് സസ്പെൻഷൻ ഉണ്ടായത്. കോൺഗ്രസ് അനുകൂല സംഘടനയായ കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ളോയീസ് കോൺഗ്രസിന്റെ സെക്രട്ടറിയാണ് സസ്പെൻഷനിലായ അനിൽകുമാർ. മുൻ ദേവസ്വം കമ്മിഷണറുടെ ഡ്രൈവറായിരുന്നു ഡ്രൈവർ രഞ്ജിത്ത്.
ചോറ്റാനിക്കരയ്ക്കടുത്ത മകളിയം ക്ഷേത്രത്തിലെ സർവേ ജോലികൾക്കായാണ് തൃശൂരിലെ ആസ്ഥാനത്ത് നിന്ന് മൂന്നംഗ സംഘം എത്തിയത്. ചോറ്റാനിക്കര ദേവസ്വം സത്രത്തിലായിരുന്നു താമസം. സത്രത്തിൽ രാത്രിയിൽ നടന്ന മദ്യസത്കാരത്തിൽ മറ്റ് ചില ദേവസ്വം ജീവനക്കാരും പങ്കെടുത്തിരുന്നുവെന്ന് സൂചനയുണ്ട്.
പൊലീസിന്റെയും ദേവസ്വത്തിന്റെയും വീഴ്ച
24 മണിക്കൂറും പ്രവർത്തിക്കേണ്ട ക്ഷേത്രത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ മണ്ഡലകാലമായിട്ടും സംഭവദിവസം പൊലീസുകാരാരും ഉണ്ടായിരുന്നില്ല. പൊലീസ് ഇക്കാര്യം അറിയുന്നത് തന്നെ ഉച്ചയ്ക്ക് ശേഷമാണ്. ദേവസ്വം അധികൃതരും നടപടികൾ വൈകിപ്പിച്ചു.ചെറുപ്പക്കാരികളുൾപ്പെടെ നിരവധി വനിതകൾ നിത്യവും ഭജനയിരിക്കുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര. മുറിയെടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ് നടപ്പുരയിൽ രാത്രി കഴിയുന്നത്. ഇവർക്ക് ഒരു സുരക്ഷയും ദേവസ്വം ഒരുക്കുന്നില്ല. വേണ്ടത്ര സി.സി.ടി.വി കാമറകൾ പോലും ഇവിടെയില്ല. സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ് ക്ഷേത്രപരിസരം.