കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയും പോപ്പുലർഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) എറണാകുളം ജുഡിഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്യാനായി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു.
അഭിമന്യുവിന്റെ സുഹൃത്തായ അർജുനെ കുത്തിയത് മുഹമ്മദ് ഷഹിമായിരുന്നു. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) ഇപ്പോഴും ഒളിവിലാണ്. ഇരുവരെയും ഒഴിവാക്കിയാണ് 16 പ്രതികളുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രാരംഭ വിചാരണ നടപടികൾ ആരംഭിച്ചു.
2018 ജൂലായ് രണ്ടിന‌് രാത്രി 12.45 നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. എസ‌്.എഫ്.ഐ പ്രവർത്തകരായ അർജുൻ, വിനീത‌് എന്നിവർക്കും കുത്തേറ്റു. ചുവരിൽ പോസ്‌റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.