എഡിൻബ്രോ: സ്കോട്ടിഷ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ചാമ്പ്യനായി. ഫൈനലിൽ ബ്രസീലിന്റെ യാഗോർ കോയൽഹോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 18-21, 21-18, 21-19ന് കീഴടക്കിയാണ് ലക്ഷ്യ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കിയാണ് ചാമ്പ്യനായത്. 56 മിനിട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ലക്ഷ്യയുടെ ജയം.
വിജയത്തോടെ ലക്ഷ്യബി.ഡബ്ല്യു.എഫ് റാങ്കിംഗിലെ ആദ്യ 40 റാങ്കിൽ ഇടം നേടി.
ഉത്തരാഖണ്ഡ് സ്വദേശിയായ 18കാരനായ ലക്ഷ്യ മൂന്ന് മാസത്തിനുള്ളിൽ നേടുന്ന നാലാമത്തെ കിരീടമാണിത്.
സാർലോർക്സ് ഓപ്പൺ, ഡച്ച് ഓപ്പൺ,ബെൽജിയൻ ഇന്റർനാഷണൽ എന്നിവയാണ് ഇതിന് മുമ്പ് ലക്ഷ്യ സ്വന്തമാക്കിയ കിരീടങ്ങൾ.