hibi-

ന്യൂഡൽഹി: മഹാരാഷ്‌ട്ര വിഷയത്തിൽ കലങ്ങിയ പാർലമെന്റിൽ പ്രതിഷേധക്കൊടങ്കാറ്റും, എം.പിമാർക്ക് സസ്‌പെൻഷനും.

നാടകീയ രംഗങ്ങൾ അരങ്ങേറിയ ലോക്‌സഭയിൽ ബാനറുമായി പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും സ്‌പീക്കർ ഓംബിർള സസ്‌പെൻഡ് ചെയ്തു. എത്രദിവസത്തേക്കാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. ബഹളം വച്ച എം.പിമാരെ സഭയിൽ നിന്ന് ബലംപ്രയോഗിച്ച് നീക്കിയ പുരുഷ മാർഷൽമാർ തങ്ങൾക്കു നേരെ ബലപ്രയോഗം നടത്തിയെന്നാണ് ആലത്തൂർ എം.പി രമ്യാ ഹരിദാസിന്റെയും തമിഴ്നാട്ടിൽ നിന്നുള്ള ജ്യോതിമണി സെന്നിമലയുടെയും പരാതി.

ഭരണഘടനാ വാർഷിക ദിനമായ ഇന്ന് നടക്കുന്ന സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുന്ന കോൺഗ്രസ് അംഗങ്ങൾ അംബേദ്കർ പ്രതിമയ്‌ക്കു മുന്നിൽ ധർണ നടത്തും.

പതിനേഴാം ലോക്‌സഭയിൽ അംഗങ്ങൾക്കു നേരെ സ്‌പീക്കർ സ്വീകരിക്കുന്ന ആദ്യ നടപടിയാണ് കേരള എം.പിമാർക്കുള്ള സസ്പെൻഷൻ. പ്രതിപക്ഷ പ്രതിഷേധം കാരണം ലോക്‌സഭ പൂർണമായും തടസപ്പെടുന്നതും ആദ്യം.