wagner

ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് ഇന്നിംഗ്സ് ജയം

വെല്ലിംഗ്ടൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഇന്നിംഗ്സിനും 65 റൺസിനുമാണ് ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. 262 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് വാഗ്നറുടെ നേതൃത്വത്തിലുള്ള കിവി ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് 197 റൺസിന് ആൾഔട്ടാവുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 353/10, 197 /10. ന്യൂസിലൻഡ് 615/9 ഡിക്ലയേർഡ്.

5 വിക്കറ്റെടുത്ത വാഗ്നറും 3 വിക്കറ്റെടുത്ത സാന്റ്നറുമാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. അഞ്ചാം ദിനം 3/55 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 142 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കി വിക്കറ്രുകൾ കൂടി നഷ്ടമാവുകയായിരുന്നു.

നേരത്തേ ഡബിൾ സെഞ്ച്വറിയുമായി കിവി ഇന്നിംഗ്സിന്റെ നെടുംതൂണായ വിക്കറ്റ് കീപ്പർ ബി.ജെ.വാട്‌ലിംഗാണ് മാൻ ഒഫ് ദ മാച്ച്.ഇതോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ന്യൂസിലൻഡ് 1-0ത്തിന് മുന്നിലെത്തി.

5/44

19.2 ഓവറിൽ 6 മെയ്ഡനുൾപ്പെടെ 44 റൺസ് വിട്ടു കൊടുത്താണ് വാഗ്നർ 5 വിക്കറ്റ് വീഴ്ത്തിയത്.

205

റൺസെടുത്ത വിക്കറ്റ് കീപ്പർ വാട്‌ലിംഗാണ് ന്യൂസിലൻഡിന്റെ വിജയ ശില്പി.

ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് വിക്കറ്റ് കീപ്പറാണ് വാട്‌ലിംഗ്. 473 പന്തിൽ 24 ഫോറും ഒരു സിക്സും ഉൾപ്പെട്ടതാണ് വാട്‌ലിംഗിന്റെ ഇന്നിംഗ്സ്.

7-ാം വിക്കറ്റിൽ വാട്‌ലിംഗും സാന്റ്നറും ചേർന്ന് പടുത്തുയർത്തിയ 261 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടാണ് ന്യൂസീലൻഡിനെ ഒന്നാം ഇന്നിംഗ്സിൽ കൂറ്രൻ സ്കോറിലെത്തിച്ചത്.
സാന്റ്നറും സെഞ്ച്വറി നേടി 269 പന്തിൽ 126 റൺസാണ് സാന്റ്നർ നേടിയത്.

ആർച്ചർക്കെതിരെ വംശീയാധിക്ഷേപം

ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർക്കെതിരെ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത തരത്തിൽ ന്യസിലൻഡ് കാണികൾക്കിടയിൽ നിന്ന് വംശീയാധിക്ഷേപം ഉണ്ടായതായി റിപ്പോർട്ട്. ആർച്ചർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കി. തുടർന്ന് ന്യൂസിലൻഡ് ക്രിക്കറ്ര് അസോസിയേഷൻ സംഭവത്തിൽ ആർച്ചറോട് മാപ്പ് പറഞ്ഞു.