chennaiyin

ഐ.എസ്.എൽ : അവസാന മിനുട്ടുകളിലെ ഗോളാട്ടത്തിൽ ചെന്നൈയിന് ജയം

ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ അവസാന നിമിഷങ്ങളിൽ ആവേശം നിറഞ്ഞാടിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹൈദരാബാദ് എഫ്.സിയെ കീഴടക്കി. ചെന്നൈയിനിന്റെ തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്രേഡയിത്തിൽ നടന്ന മത്സരത്തിൽ തൊണ്ണൂറ് മിനിട്ടുകൾക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.

ജയത്തോടെ 5 മത്സരത്തിൽ നിന്ന് 4 പോയിന്റുമായി ചെന്നൈയിൻ അവസാന സ്ഥാനത്ത് നിന്ന് ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. സീസണിൽ ചെന്നൈയിന്റെ ആദ്യ ജയമാണിത്. അതേസമയം ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് വീണു. 5 മത്സരങ്ങളിൽ നിന്ന് അവർക്ക് മൂന്ന് പോയിന്റ് മാത്രമാണുള്ളത്. ബ്ലാസ്റ്റേഴ്സിനെതിരായ ജയം മാത്രമാണ് ഹൈദരാബാദിന്റെ അക്കൗണ്ടിൽ ഉള്ളത്.

തുടക്കം മുതൽ ഫിനിഷിംഗിലെ പോരായ്മകൾ ഇരുടീമിലും മുഴച്ചു നിന്നു. ചെന്നൈയിൻ ഗോളവസരങ്ങൾ ഉണ്ടാക്കുന്നതിൽ മുന്നിട്ടു നിന്നെങ്കിലും ലക്ഷ്യം കാണുന്നതിൽ അവർക്ക് കഴിഞ്ഞില്ല. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ആന്ദ്രേ ഷംബ്രിയിലൂടെ രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിൽ 92-ാം മിനിട്ടിൽ ചെന്നൈയിൻ ഹൈദരാബാദിന്റെ വലയിൽ പന്തെത്തിച്ചത്. 95-ാം മിനിട്ടിൽ മാത്യു കിൽഗാല്ലണിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. എന്നാൽ ലോംഗ് വിസിൽ മുഴങ്ങാൻ സെക്കൻഡുകൾ ശേഷിക്കെ 96-ാം മിനിട്ടിൽ നെരിജസ് വൽക്കിസ് ചെന്നൈയിനിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.