ഗർഭകാല ബുദ്ധിമുട്ടുകൾ ഭർത്താവിനും ഉണ്ടാകുമെന്നത് ശരിയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഗർഭകാലത്ത് ഭാര്യക്കുണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങൾ ഭർത്താവിനും ഉണ്ടായേക്കാം, കുവാജ് സിൻഡ്രം (Couvade Syndrome) എന്നാണ് ഇതിനെ പറയുന്നത്.
സിംപതറ്റിക് പ്രഗ്നനൻസി എന്നും കുവാജ് സിൻഡ്രത്തിന് പേരുണ്ട്. ഛർദ്ദി, നടുവേദന, കോച്ചിപ്പിടുത്തം, അടിവയറ്റിൽ വേദന, തലവേദന തുടങ്ങി ഗർഭിണിയായ പങ്കാളിക്ക് അനുഭവപ്പെടുന്ന ശാരീരിക പ്രശ്‌നങ്ങൾ പുരുഷ പങ്കാളിക്കും അനുഭവപ്പെടും. മാനസിക പ്രശ്‌നം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളായാണ് ഇവയെ കണക്കുകൂട്ടുന്നത്. പങ്കാളിയുടെ ഗർഭം മൂന്നും നാലും മാസത്തിലെത്തുമ്പോഴും പ്രസവ സമയമടുക്കുന്ന അവസരത്തിലുമാണ് ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുന്നത്.
ലക്ഷണങ്ങൾ
വിശപ്പിൽ വരുന്ന വ്യത്യാസം
ആഹാരത്തോടെ അമിതമായ ആസക്തി
ഓക്കാനം
ദഹനക്കേട്
തലവേദന
പല്ലുവേദന
നടുവുവേദന
ശരീരഭാരം കൂടൽ
ഉറക്കമില്ലായ്മ
മനോനിലയിൽ പെട്ടെന്നു വരുന്ന മാറ്റങ്ങൾ
വയറിളക്കം
മലബന്ധം
എന്തുകൊണ്ട്
പങ്കാളിയോടുള്ള സഹാനുഭൂതി അല്ലെങ്കിൽ അനുതാപം
കുട്ടി ജനിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ.
കുട്ടിയെ ഉദരത്തിൽ വഹിക്കുന്ന മാതാവിനോടുള്ള അസൂയ
കുട്ടിക്ക് ജന്മം നല്‍കുന്ന അമ്മയുടെ അനുഭവത്തോടുള്ള വെറുപ്പ്/ ആകാംക്ഷ
ചികിത്സ
കുവാജ് സിൻഡ്രോം എന്നത് ഒരു പ്രത്യേക രോഗമോ മാനസിക പ്രശ്‌നമോ അല്ല. ചില പഠനങ്ങളിൽ ഇതൊരു സാധാരണ സംഭവമായി കണക്കാക്കുന്നു. മിക്കപ്പോഴും, ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തീവ്രത കുറഞ്ഞതായിരിക്കും.
പങ്കാളി കുഞ്ഞിനു ജന്മം നൽകുന്നതോടെ കുവാജ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയാണ് പതിവ്. പിരിമുറുക്കം കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക. രക്ഷകർത്താവിന്റെ ഉത്തരവാദിത്വങ്ങളിലേക്കുള്ള മാറ്റത്തിനായി കുടുംബാംഗങ്ങളുടെ സഹായം സ്വീകരിക്കുക.