തിരുവനന്തപുരം : നടുറോഡിൽ ജീവനുകൾ പൊലിയാതിരിക്കാൻ നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങൾ കർശനമാക്കുന്നു. ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ പ്രത്യേക നിർദേശപ്രകാരമാണ് ട്രാഫിക് ക്രമീകരണങ്ങൾ അടിമുടി പരിഷ്കരിക്കുന്നത്. ഇക്കഴിഞ്ഞ 16ന് പട്ടം കെ.എസ്.ഇ.ബി ആസ്ഥാനത്തിന് സമീപം മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഏഴുവയസുകാരൻ ബസിനടിയിൽപ്പെട്ട് മരിച്ചതോടെയാണ് ഡി.ജി.പി വിഷയത്തിൽ ഇടപെട്ടത്. നഗരത്തിൽ ഇനി ഇത്തരമൊരു അപടകം നടക്കാൻ പാടില്ലെന്ന് ഡി.ജി.പി കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ട്രാഫിക് ക്രമീകരണങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വിപുലമായ യോഗം വിളിച്ചത്. അനധികൃത പാർക്കിംഗും നിയമം ലംഘിച്ചുള്ള ബസുകളുടെ മരണപ്പാച്ചിലിനും അറുതിവരുത്തുകയാണ് പ്രധാനലക്ഷ്യം.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനത്തെയും ഇതോടൊപ്പം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആധുനിക സജ്ജീകരണങ്ങളുള്ള ആറു ജീപ്പുകൾ ഇനി നഗരത്തിൽ ചീറ്റകളെ പോലെ പായും. ട്രാഫിക് പ്രശ്നങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നിർദേശാനുസരണം ആവിഷ്കരിച്ച പുതിയ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകൾ നിരത്തിലിറങ്ങുന്നത്. കാമറാസംവിധാനം ഉൾപ്പെടെയുള്ള പുതിയ ജീപ്പുകൾ ഉടൻ നഗരത്തിലെത്തും. നഗരത്തെ ആറുസോണലുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. നിലവിലെ ട്രാഫിക് നോർത്ത്, സൗത്ത് വിഭാഗങ്ങളുടെ പരിധിയിലുള്ള 19 സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ചീറ്റകളുടെ പ്രവർത്തനം. നോർത്തിലും സൗത്തിലുമായി മൂന്നുവീതം ജീപ്പുകളുടെ സേവനം 24മണിക്കൂറും ലഭ്യമാക്കും.
അനധികൃത പാർക്കിംഗ്, അതിവേഗ, ഗതാഗത നിയമലംഘനങ്ങൾ, അപകടമുണ്ടായാൽ അടിയന്തരഇടപെടൽ തുടങ്ങിയവയാണ് ചീറ്റകളുടെ പ്രധാന ദൗത്യം. നിലവിൽ പട്രോളിംഗ് നടത്തുന്ന പൊലീസുകാർക്ക് പുറമേ
എ.ആർ ക്യാമ്പിലുള്ളവരെ കൂടി ഉൾപ്പെടുത്തി പദ്ധതി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവിൽ നാലുജീപ്പുകളും 24 ബൈക്കുകളും പട്രോളിംഗിനുണ്ടെങ്കിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ചീറ്റകളെ നിരത്തിലിറക്കുന്നത്.
ജനങ്ങളും പൊലീസും ഒന്നിച്ച്
നിയമലംഘംനങ്ങൾ കുറയ്ക്കുന്നതിന് ജനങ്ങളുടെ സഹായവും പൊലീസ് തേടുകയാണ്. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങൾ അറിയിക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ഉടൻ ഏർപ്പെടുത്തും. ഇതുവഴി ആർക്കും ഗതാഗതനിയമലംഘനങ്ങൾ കാമറയിൽ പകർത്തി അധികൃതർക്ക് എത്തിക്കാം. തുടർന്ന് പിഴ നിശ്ചയിച്ച് അതിനുള്ള നോട്ടീസ് വാഹനഉടമയ്ക്ക് നൽകും.
കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവർ ജാഗ്രതൈ...
l ഫുട്പാത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ
l വാഹനങ്ങൾ സീബ്രാ ലൈനിൽ നിറുത്തിയിടുന്നവർ
l ഫുട്പാത്ത് കൈയേറി സമരം ചെയ്യുന്നവർ
l അനധികൃത വഴിയോര കച്ചവടക്കാർ