തിരുവനന്തപുരം: പൈപ്പ് പൊട്ടുന്നത് പതിവാകുന്നതോടെ നഗരത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാതായി. അമ്പലംമുക്ക്, മെഡിക്കൽ കോളേജ്, ഉള്ളൂർ, മുട്ടട, പൈപ്പിൻമൂട്, ഊറ്റുകുഴി, ചാലക്കുഴി ലെയിൻ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പൈപ്പ് പൊട്ടുന്നത് ഇവിടെ പതിവാണ്. വാട്ടർ അതോറിട്ടി അടിയന്തരമായി പണി തുടങ്ങിയാലും കുടിവെള്ള വിതരണം സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കും.
ഉയർന്ന പ്രദേശങ്ങളായ നന്തൻകോട് കനകനഗർ, നന്തൻനഗർ, ദേവസ്വം ബോർഡ് റസിഡന്റ്സ് അസോസിയേഷൻ, ക്ളിഫ് ഹൗസ് നോർത്ത്, ജവഹർ നഗർ, ചാരാച്ചിറ, കുറവൻകോണം, നാലാഞ്ചിറ, പാളയം, ലെനിൻ നഗർ, ഒബ്സർവേറ്ററി വാലി റസിഡന്റ്സ്, ഫോറസ്റ്റ് ഓഫീസ് ലെയിൻ എന്നിവിടങ്ങളിലെല്ലാം ക്ഷാമമുണ്ട്. പകൽ സമയത്ത് ഈ ഭാഗങ്ങളിൽ വെള്ളം കിട്ടാറേയില്ല. പുലർച്ചെ വെള്ളം വന്നാൽ ഭാഗ്യമെന്ന് പറയാം. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന വഞ്ചിയൂരിലെ ചിറക്കുളം റോഡ്, ചിറക്കുളം കോളനി എന്നിവിടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും കഷ്ടപ്പെടുകയാണ്. അതേസമയം ജനറൽ ആശുപത്രിയിലെ പമ്പിന് ശേഷി കുറവായതും വെള്ളം ശേഖരിക്കാൻ മതിയായ സംവിധാനമില്ലാത്തതുമാണ് ജലക്ഷാമത്തിന് കാരണമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്.
ഡ്രെയിനേജ് പ്രശ്നവും രൂക്ഷം
പലയിടങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ തകരാറിലായതും വാട്ടർ അതോറിട്ടിക്ക് തലവേദനയായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഡ്രെയിനേജ് തകരാറിലായത് പേട്ട പള്ളിമുക്കിലാണ്.
പേട്ട, കുമാരപുരം, പാറ്റൂർ, വഞ്ചിയൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന നാല് റോഡുകൾ ചേരുന്ന നാലുമുക്കിൽ എസ്.ബി.ഐക്ക് മുന്നിലാണ് ഡ്രെയിനേജ് അടിഞ്ഞുകൂടിയത്. ഇത് പരിഹരിക്കുന്നതിനായി നാലുമുക്കിൽ റോഡിന് വശത്തായി മാൻഹോൾ നിർമ്മിക്കുകയാണ് വാട്ടർ അതോറിട്ടിയുടെ സ്വിവറേജ് വിഭാഗം. കഴിഞ്ഞ ആറ് മാസത്തോളമായി ഇവിടങ്ങളിൽ ഡ്രെയിനേജിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
ടെലികോം വകുപ്പ് നടത്തിയ പണിക്കിടെയാണ് മണ്ണും കല്ലുമൊക്കെ അടിഞ്ഞുകൂടി ഡ്രെയിനേജിന്റെ ഒഴുക്ക് നിലച്ചത്. ഇതോടെ പേട്ട പാലം, ഭഗത് സിംഗ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നാലുമുക്കിൽ അടിഞ്ഞുകൂടി സ്ഥിതി ഗുരുതരമാവുകയായിരുന്നു.
രാത്രികാലങ്ങളിൽ വാട്ടർ അതോറിയിട്ടുടെ ആധുനിക സംവിധാനം ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ടെങ്കിലും വീണ്ടും അടിഞ്ഞുകൂടുകയാണ്. അനധികൃത സ്വിവറേജ് കണക്ഷനുകളാണ് ഡ്രെയിനേജ് അടിഞ്ഞുകൂടാൻ കാരണമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. വാട്ടർ അതോറിട്ടി നൽകുന്ന സ്വിവറേജ് കണക്ഷനുകൾ പാറ്റൂരിലെ പമ്പ് ഹൗസിലേക്കാണ് നൽകുന്നത്.
വാട്ടർ അതോറിട്ടിയുടെ വാദം
നന്തൻകോട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജലഉപഭോഗം പൊതുവേ കൂടുതലാണ്. പി.ടി.പി നഗറിലെ ലൈനിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തിക്കുന്നത്. ടാങ്കിൽ വേണ്ടത്ര വെള്ളം ഇല്ലാതെ വരുമ്പോൾ ഉയർന്ന പ്രദേശങ്ങളിലെ ലൈനുകളിൽ വെള്ളം കുറയും. ഇതാണ് ജലവിതരണം മുടങ്ങാൻ കാരണം. പരാതികളിൽ ഏറിയ പങ്കും പരിഹരിച്ചിട്ടുണ്ട്. 75 എം.എൽ.ഡി ഉത്പാദന ശേഷിയുള്ള പുതിയ പ്ളാന്റിന്റെ നിർമ്മാണം അരുവിക്കരയിൽ നടന്നുവരികയാണ്. ഇത് വരുന്നതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
ആകെ രണ്ടരലക്ഷം കണക്ഷൻ
തിരുവനന്തപുരം നഗരത്തിലെ 70 ശതമാനം ജനങ്ങളും കുടിവെള്ളത്തിനായി വാട്ടർ അതോറിട്ടിയെയാണ് ആശ്രയിക്കുന്നത്. നഗരത്തിൽ ആകെ രണ്ടര ലക്ഷം വാട്ടർ കണക്ഷനുകളുണ്ട്. പ്രതിദിനം 300 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിന്റെ ആവശ്യത്തിനായി വേണം. അരുവിക്കരയിൽ മൂന്ന് പ്ളാന്റുകളിലായാണ് വെള്ളം ഉത്പാദിപ്പിക്കുന്നത്.