തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന സ്കൂളായ എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നൂറാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്നു. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾ കൈവരിച്ച സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ ചരിത്രരേഖ കൂടിയാണ്. നൂറാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പദ്ധതികളാണ് സ്കൂൾ അധികൃതർ തയ്യാറാക്കുന്നത്.
ഡിസംബർ അവസാനത്തോടെ വാർഷികാഘോഷത്തിന് തുടക്കം കുറിക്കും. പ്രകൃതി സൗഹൃദ സ്കൂൾ കാമ്പസ്, ജൈവവൈവിദ്ധ്യ പാർക്ക്, ഫലവൃക്ഷത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം, കൃഷി- അടുക്കളത്തോട്ടം എന്നിവയും ഒരുക്കും. മാഞ്ഞാലിക്കുളം ഗ്രൗണ്ട് നവീകരിക്കുന്നതിനൊപ്പം സ്കൂളിൽ നിന്ന് മാഞ്ഞാലിക്കുളം ഗ്രൗണ്ടിലെത്താൻ ഫ്ളൈഓവർ നിർമ്മിക്കാനും പദ്ധതിയുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ശതാബ്ദി ഗേറ്റ് പണികഴിപ്പിക്കും. പുതുതായി പണികഴിപ്പിക്കുന്ന സ്കൂൾ കെട്ടിടത്തിൽ ആധുനിക അടുക്കള, ഡൈനിംഗ് ഹാൾ എന്നിവയും സ്ഥാപിക്കും. വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിനുള്ള വർക്ഷോപ്പ്, പ്രസ് നവീകരണം, ഡിജിറ്റൽ ലൈബ്രറി എന്നിവയും തയ്യാറാക്കും.
1834ൽ സ്വാതി തിരുനാൾ മഹാരാജാവാണ് തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിന്നീട് 1919ലാണ് ഈ സ്കൂളിനെ ശ്രീമൂല വിലാസം സ്കൂൾ (എസ്.എം.വി) എന്ന് നാമകരണം ചെയ്തത്. തുടക്കകാലത്ത് സമ്പന്നരുടെയും പ്രമുഖരുടെയും മക്കളാണ് ഈ സ്കൂളിൽ പഠിച്ചിരുന്നത്. അദ്ധ്യാപകരിൽ ഭൂരിഭാഗവും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ പ്രത്യേകതയായിരുന്നു. വിജ്ഞാനപ്രദമായ അമൂല്യ പുസ്തകങ്ങളുടെ ശേഖരം തന്നെ ലൈബ്രറിയിലുണ്ട്.