തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പ്രധാന സാംസ്കാരിക പരിപാടികൾക്ക് വേദിയാവുന്ന പാളയം അയ്യങ്കാളി ഹാൾ (പഴയ വി.ജെ.ടി.ഹാൾ) മുഖം മിനുക്കാനൊരുങ്ങുന്നു. പൊതുഭരണവിഭാഗമാണ് ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നത്. അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം നടത്തിയെങ്കിലും ഹാളിന് ഉൾവശം മോടിപിടിപ്പിക്കാനുള്ള നടപടികളൊന്നും ആദ്യം സ്വീകരിച്ചിരുന്നില്ല. മൂന്ന് മാസം മുമ്പ് പേരുമാറ്റിയ ശേഷം പുതിയ ബോർഡ് വയ്ക്കുക മാത്രമാണ് ചെയ്തത്. നടപ്പാക്കേണ്ട നവീകരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ ചീഫ് ആർക്കിടെക്റ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ പുറമേയുള്ള പുരാതന രൂപകല്പനയ്ക്ക് മാറ്റം വരുത്തില്ല. ഉൾവശമാണ് ആധുനികവത്കരിക്കുക. ഇപ്പോൾ ഈ ഹാളിലുള്ള ഫാനുകൾ പലതും പ്രവർത്തന സജ്ജമല്ല. നിറയെ ആളുകൾ കയറിക്കഴിഞ്ഞാൽ ചൂടുകൊണ്ട് ഇരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. പല ലൈറ്റുകളും പ്രകാശിക്കില്ല. മേൽത്തട്ട് പല ഭാഗവും മാറാല മൂടിയിട്ടുണ്ട്. രണ്ട് ജീവനക്കാരെയാണ് ശുചീകരണ ജോലികൾക്ക് നിയോഗിച്ചിട്ടുള്ളത്. സ്ഥിരമായ ഇരിപ്പിട സംവിധാനവുമില്ല. വാടക കസേരകളാണ് ഉപയോഗിക്കാറുള്ളത്. ഇത് മാറ്റി സ്ഥിരം ഇരിപ്പിടമൊരുക്കാനാണ് ആലോചന.
പൂർണമായും എയർകണ്ടീഷൻ സംവിധാനം ഏർപ്പെടുത്തും. ആധുനിക ശബ്ദ സംവിധാനവും പ്രൊജക്ഷൻ സംവിധാനവുമൊരുക്കും. നല്ല പച്ചപ്പിന് നടുവിലാണ് മന്ദിരം നിൽക്കുന്നതെങ്കിലും വാഹന പാർക്കിംഗിന് തീരെ സൗകര്യമില്ല. നിത്യേന പരിപാടികൾ നടക്കാറുണ്ടെങ്കിലും മിക്കപ്പോഴും വാഹനങ്ങൾ ഹാൾ വളപ്പിന് പുറത്ത് റോഡരികിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയുണ്ട്. ഇത്രയൊക്കെ പോരായ്മകളുണ്ടെങ്കിലും ഇപ്പോഴും മിക്ക സാംസ്കാരിക സംഘടനകൾക്കും പരിപാടികൾക്ക് ഈ ഹാൾ വേദിയാക്കാനാണ് താത്പര്യം. സർക്കാർ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒട്ടുമിക്ക ചടങ്ങുകളും ഇവിടെയാണ് നടക്കുക. ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവനാളുകളിൽ നിരവധി വ്യാപാര മേളകളും പ്രദർശനവും ഇവിടെ പതിവാണ്. മേളകൾ കാണാൻ നല്ല നിലയ്ക്ക് ആൾക്കാർ എത്താറുമുണ്ട്.
അയ്യങ്കാളിയുടെ 157 -ാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകിയത്.
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896ൽ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമിച്ചത്. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് അയ്യങ്കാളിയുടെ പേർ വി.ജെ.ടി ഹാളിന് നൽകുന്നതെന്ന് നാമനിർദ്ദേശ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.