
തിരുവനന്തപുരം: സംസ്ഥാന കരകൗശല വികസന കോർപറേഷൻ തൈക്കാട് പൊലീസ് മൈതാനത്ത് സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉത്പന്നങ്ങളുടെ അഖിലേന്ത്യാ വില്പന പ്രദർശനമേളയായ 'ക്രാഫ്ട് ബസാറിൽ ' തിരക്ക് കൂടി. നൂറിലേറെ സ്റ്റാളുകളിലായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.
ദേശീയ സംസ്ഥാന കരകൗശല അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റുകളും നേടിയ നൂറിലധികം കലാകാരന്മാരുടെ ഉത്പന്നങ്ങളാണ് മേളയിലുള്ളത്. കരകൗശല, കൈത്തറി വിദഗ്ദ്ധരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭിക്കുമെന്നതാണ് മേളയുടെ പ്രത്യേകത. ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾത്തടിയിലും തീർത്ത വിവിധതരം ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, അതിപുരാതനകാലം മുതലുള്ള നെട്ടൂർപെട്ടി, മൺപാത്ര ഉത്പന്നങ്ങൾ, കണ്ണൂർ കൈത്തറി, ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ആറന്മുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉത്പന്നങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ശാന്തിനികേതൻ ബാഗുകൾ, ഘൊഷയാർ ലൈസ് വർക്കുകൾ, കോലാപുരി ചെരുപ്പുകൾ, ഗ്ലാസ് വർക്ക് ചെയ്ത മിഡി ടോപ്പ്, മധുര സാരികൾ, ഹൈദരാബാദ് സാരികൾ, ലക്നൗ ചിക്കൻ വർക്ക് ചെയ്ത തുണിത്തരങ്ങൾ, ജ്യൂട്ട്, മുത്ത്, പവിഴം, മരതകം ആഭരണങ്ങൾ, രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, മുള, ഈറ്റ ഉത്പന്നങ്ങൾ തുടങ്ങി ചാരുതയാർന്ന കരകൗശല കൈത്തറി വസ്തുക്കൾ ഒരുമിച്ച് കാണാനും സ്വന്തമാക്കാനുള്ള ഒരവസരം കൂടിയാണ് ഈ മേള. നമ്മുടെ നാടിന്റെ പാരമ്പര്യവും വൈവിദ്ധ്യവും വിളിച്ചറിയിക്കുന്ന മേന്മയേറിയ കരകൗശല ഉത്പന്നങ്ങളുടെ വില്പനയാണ് ക്രാഫ്ട് ബസാർ ലക്ഷ്യമിടുന്നത്. ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള അവസരം സജ്ജമാക്കുകയും അതുവഴി കൂടൂതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വിലയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കാനും സാധിക്കും.
കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശല കമ്മിഷണർ ഓഫീസിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഡിസംബർ 5വരെയാണ് മേള.