എറണാകുളം: ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായിയും സംഘവും കൊച്ചി പൊലീസ് കമ്മിഷണർ ഓഫീസിലെത്തി. ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്ക് സ്റ്റേയില്ലെന്നും,​ പമ്പവഴി ശബരിമലയിലേക്ക് പോകാൻ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃപ്തി ദേശായി പറഞ്ഞു.

trupti

ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക്‌ പോകാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്‌തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് ദർശനം നടത്താനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ തവണ മല ചവിട്ടാനെത്തിയ ബിന്ദു അമ്മിണിയും ഇവർക്കൊപ്പം എറണാകുളത്ത് എത്തിയിരുന്നു.

അതേസമയം,​ ശബരിമല ദർശനത്തിനായി യുവതികൾ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കമ്മീഷണർ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ബിന്ദു അമ്മിണി ഇവരുമായി വാക്കുതർക്കമുണ്ടായിരുന്നു തുടർന്ന് പ്രതിഷേധക്കാരിലൊരാൾ ബിന്ദുവിന്റെ മുഖത്ത് മുളകു സ്‌പ്രേ ചെയ്‌തു.