ബലഭദ്രൻ തമ്പുരാന്റെ കാലുകൾ പെട്ടെന്നു നിശ്ചലമായി.
പിന്നാലെ എത്തിയ സുമംഗല അയാളെ പകച്ചുനോക്കി.
''വാതിലു തൊറക്കണ്ടാ. എന്തോ കുഴപ്പമുണ്ട്."
സുമംഗല, തമ്പുരാന്റെ കയ്യിൽ പിടിച്ചു.
തൊട്ടടുത്ത മുറിയിൽ നിന്ന് അനന്തഭദ്രന്റെ ഭാര്യ ഇന്ദിരാഭായിയും ഇറങ്ങിവന്നു.
''വാതില് തുറക്കണ്ട അനിയാ. വല്ല ചതിയുമാണോ എന്നറിയില്ലല്ലോ."
ആ സ്ത്രീയും പറഞ്ഞു.
എന്നാൽ ഭയപ്പെട്ട് പിന്നോട്ടു മാറുവാൻ തമ്പുരാൻ ഒരുക്കമല്ലായിരുന്നു.
അയാളുടെ കണ്ണുകൾ ഭിത്തിയിലെ ആണിയിൽ ഉറപ്പിച്ചിരുന്ന ഡബിൾ ബാരൽ ഗണ്ണിൽ പതിഞ്ഞു.
മിന്നൽ വേഗത്തിൽ തമ്പുരാൻ അതെടുത്തു.
ഇപ്പോൾ പുറത്ത് ശബ്ദമൊന്നും കേൾക്കുന്നില്ല.
''നിങ്ങൾ രണ്ടാളും ഇവിടെ നിന്നാൽ മതി."
സ്‌ത്രീകളോട് കടുപ്പിച്ചു പറഞ്ഞിട്ട് ബലഭദ്രൻ തമ്പുരാൻ കരുതലോടെ വാതിൽക്കലേക്കു നീങ്ങി.
പുറത്തെ ലൈറ്റു തെളിച്ചു. ശേഷം വാതിലിന്റെ ബോൾട്ട് നീക്കി വാതിൽ അല്പം തുറന്നു.
ആ വഴി ആദ്യം പുറത്തേക്കു നീണ്ടത് ഗൺകുഴലാണ്. ഒപ്പം പതുക്കെ സിറ്റൗട്ടിലേക്കു തലനീട്ടി.
അവിടെ ആരും ഉണ്ടായിരുന്നില്ല.
ബലഭദ്രൻ വാതിൽ പൂർണ്ണമായും തുറന്നു.
ആരുമില്ല!
അപ്പോൾ കോളിംഗ് ബെൽ അടിച്ചത് ആര്?
ആരുടെ അലർച്ചയാണു കേട്ടത്?
തമ്പുരാൻ പുറത്തേക്കു കാൽവയ്ക്കാനാഞ്ഞു. അടുത്ത നിമിഷം പിൻവലിക്കുകയും ചെയ്തു.
തറയിൽ ചോരത്തുള്ളികൾ....
അത് മഞ്ചാടിക്കുരു പോലെ ഇടവിട്ട് മുറ്റത്തെ ചരലിലൂടെ നീണ്ടുപോയിരിക്കുന്നു!
അവിടെ വച്ച് മുറിവേറ്റ ആരോ ഓടിപ്പോയതാവുമെന്നു തമ്പുരാനു തോന്നി.
ഇന്ദിരാഭായിയും സുമംഗലയും വാതിൽക്കലെത്തി. ചോരത്തുള്ളികൾ കണ്ട് അവരും നടുങ്ങി.
''ഞാനൊന്ന് നോക്കിയിട്ടുവരാം." ചോരയിൽ ചവിട്ടാതെ തമ്പുരാൻ പുറത്തേക്കിറങ്ങാനാഞ്ഞു.
എന്നാൽ സ്ത്രീകൾ വിട്ടില്ല.
അവസാനം തമ്പുരാൻ ഫോണെടുത്ത് സി.ഐ അലിയാരെ വിളിച്ചു വിവരം പറഞ്ഞു.
അര മണിക്കൂർ.
അലിയാർ എത്തി.
തമ്പുരാൻ ചെന്ന് ഗേറ്റ് തുറന്നുകൊടുത്തു.
അലിയാർ ടോർച്ചിന്റെ വെളിച്ചത്തിൽ ചുറ്റുപാടും പരിശോധിച്ചു.
ഗേറ്റിലും ചോരപ്പാടുകൾ കണ്ടു.
''മുറിവേറ്റയാൾ ഗേറ്റു ചാടിക്കടന്നാണ് പോയിരിക്കുന്നത്."
അലിയാർ ഉറപ്പിച്ചു.
''ഞാൻ എന്തായാലും ഒന്ന് അന്വേഷിക്കട്ടെ."
തമ്പുരാനോടു പറഞ്ഞിട്ട് അലിയാർ പെട്ടെന്നു മടങ്ങി.
ബൊലേറോ തിരിഞ്ഞ് കരുളായി പാലത്തിലേക്കു കയറി.
പെട്ടെന്നു കണ്ടു... വേച്ചു വേച്ച് ഓടുന്ന ഒരാൾ!
അയാൾക്കു തൊട്ടരുകിൽ അലിയാർ ബൊലേറോ ബ്രേക്കു ചെയ്തു.
മിന്നൽ വേഗത്തിൽ ചാടിയിറങ്ങി.
ആ ക്ഷണം ഓടാൻ ശ്രമിച്ചയാൾ കുഴഞ്ഞു താഴെ വീണു. പിന്നെ ഒന്നു പിടഞ്ഞു നിശ്ചലമായി.
അലിയാർ പകച്ചുപോയി.
അയാൾ ടോർച്ചെടുത്ത് റോഡിൽ കിടന്നവന്റെ ശരീരത്തിലേക്കു തെളിച്ചു.
തീർത്തും അപരിചിതനാണ്.
പക്ഷേ...
അയാളുടെ നെഞ്ചിൽ തുളഞ്ഞിറങ്ങിയിരിക്കുന്ന ഒരു 'അമ്പ്" കണ്ടു.
അലിയാരുടെ തലച്ചോറിൽ പലവിധ ചിന്തകൾ മിന്നി മുറിഞ്ഞു.
തമ്പുരാന്റെ വാതിൽക്കൽ വച്ചാണ് ഇയാളെ ആരോ അമ്പെയ്തത്. പ്രാണ പരാക്രമത്തിനിടയിൽ ഇയാൾക്ക് ഇവിടെ വരെ എത്താനേ കഴിഞ്ഞുള്ളു...
ഫോണെടുത്ത് സ്റ്റേഷനിലേക്കു വിളിച്ചിട്ട് അലിയാർ ടോർച്ചടിച്ച് അമ്പ് പരിശോധിച്ചു.
ആദിവാസികൾ വൻ മരത്തിലുള്ള തേൻകൂട്ടിൽ എയ്തു പിടിപ്പിക്കുന്ന തരത്തിലുള്ള അമ്പാണ് അതെന്നു തോന്നി....
അതോടെ തന്റെ പല സംശയങ്ങളും യാഥാർത്ഥ്യമാകുകയാണെന്ന് അലിയാർ അറിഞ്ഞു.
കോവിലകത്തെ വിചിത്ര അനുഭവങ്ങളുടെ താക്കോൽ കയ്യിൽ കിട്ടുവാൻ ഇനി അധിക ദൂരമില്ല! അലിയാർ ഉറപ്പിച്ചു.
മരിച്ചുകിടക്കുന്നവന്റെ മുഖലക്ഷണം കണ്ടിട്ട് ഒരു കുറ്റവാളിയുടെ എല്ലാ ഭാവവും ഉണ്ട്. ഒരുപക്ഷേ ഇയാൾ ബലഭദ്രൻ തമ്പുരാനെ വധിക്കാനോ ആക്രമിക്കാനോ പോയതായിരിക്കും.,
അവിടെ വച്ച് ഇയാൾ ആക്രമിക്കപ്പെട്ടു!
അത് പക്ഷേ ചെയ്തത് തമ്പുരാൻ ആകാനും ഇടയില്ല...
നിലമ്പൂർ സ്റ്റേഷനിൽ നിന്ന് പോലീസ് സംഘം എത്തിച്ചേർന്നു.
അനന്തര നടപടികൾ തുടങ്ങി...
അടുത്ത ദിവസം ചിത്രം കുറേക്കൂടി വ്യക്തമായി.
മരിച്ചവന്റെ പേര്, വയസ്സ്. നൊട്ടോറിയസ് ക്രിമിനലായ കർണാടകക്കാരൻ.
പക്ഷേ അയാളെ ഇവിടെ വരുത്തിയത് ആര്? ശരിക്കുള്ള ലക്ഷ്യമെന്ത്?
അലിയാരുടെ ചിന്ത പുകഞ്ഞുകൊണ്ടിരുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷം പയസ്സിന്റെ ബോഡി മോർച്ചറിയിലേക്കു മാറ്റി.
പിറ്റേന്ന് ഉച്ചയോടെ എസ്.ഐ സുകേശും സംഘം കർണാടകയിൽ നിന്നു മടങ്ങിയെത്തി.
തലേന്നു രാത്രിയിൽ അവർ പിൻതുടർന്ന കാർ മൈസുരുവിലെ തിരക്കിൽ മറഞ്ഞുപോയി....
''സാരമില്ല സുകേശേ.. നമുക്കുടൻ കോവിലകത്തേക്കു പോകണം. നമ്മൾ അവിടെ വച്ച കമ്പിളി കാണാതെ വന്നാൽ ഇന്നുതന്നെ ഞാൻ ഈ കേസ് തെളിയിക്കും."
അലിയാർ മീശത്തുമ്പ് ഒന്നു പിരിച്ചുവച്ചു.
താമസം വിനാ പോലീസ് സംഘം വടക്കേ കോവിലകത്തേക്കു പുറപ്പെട്ടു.
(തുടരും)