supreme-court

ന്യൂഡൽഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. നിയമസഭയിൽ മാദ്ധ്യമങ്ങളുടെ മുന്നിൽ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികൾ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടു. പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം കർണാടകയിലും സുപ്രീം കോടതി സമാനമായ വിധിയാണ് പ്രസ്താവിച്ചത്. ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവർണർ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോൾ, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു.

മഹാരാഷ്ട്രയിൽ അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവർണർ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് ശിവസേന എൻ.സി.പി-കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകർ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാർ ഗവർണർക്ക് നൽകിയത് വിശദമായ കത്താണെന്ന് ബി.ജെ.പി സുപ്രീംകോടതിയിൽ വിശദീകരിച്ചു.

ഞായറാഴ്ചത്തെ അസാധാരണ സിറ്റിംഗിന് ശേഷം കോടതി ആവശ്യപ്പെട്ട പ്രകാരം, ഫഡ്നാവിസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരി നൽകിയ കത്തും ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാൻ ഫഡ്നാവിസ് സമർപ്പിച്ച പിന്തുണക്കത്തും ഇന്നലെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചിരുന്നു. 54 എൻ.സി.പി എം.എൽ.എമാരുടെ ഒപ്പിട്ട, കവറിംഗ് ലെറ്റർ ഇല്ലാത്ത കത്താണ് കൈമാറിയത്.

നവംബർ 22ന് ഗവർണർക്ക് നൽകിയ കത്തിൽ 54 എൻ.സി.പി എം.എൽ.എമാരുടെ പിന്തുണ അജിത് പവാർ ഉറപ്പ് നൽകിയിരുന്നെന്നും അജിത് പവാറാണ് എൻ.സി.പി നിയമസഭാ കക്ഷി നേതാവെന്ന് കത്തിലുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞിരുന്നു. തുടർന്ന്, ഇവർ ഉൾപ്പെട 170 എം.എൽ.മാരുടെ പിന്തുണയുണ്ടെന്ന അവകാശവാദം അംഗീകരിച്ച് സർക്കാരുണ്ടാക്കാൻ ഫഡ്നാവിസിനെ ക്ഷണിച്ച് ഗവർണർ നൽകിയ കത്ത് സോളിസിറ്റർ ജനറൽ കോടതിയിൽ വായിച്ചു. അതേസമയം 54 എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിക്ക് പിന്തുണയറിയിച്ചെന്ന കത്ത് വ്യാജമാണെന്ന് ശിവസേന, എൻ.സി.പി, കോൺഗ്രസ് ത്രികക്ഷി സഖ്യം വാദിച്ചിരുന്നു.