bsnl

ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ(ബി.എസ്.എൻ.എൽ) വി.ആർ.എസ് വി‌ഞ്ജാപനം വന്ന് ദിവസങ്ങൾക്കുള്ളിൽ 92,000 ജീവനക്കാരാണ് സ്വയം വിരമിക്കൽ പദ്ധതിയിലേക്ക് അപേക്ഷ നൽകിയത്. ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാൻ അവസരവുമുണ്ട്. ആകെ ഒന്നരലക്ഷം ജീവനക്കാരാണ് ബി.എസ്.എൻ.എലിൽ ഉള്ളത്.

വി.ആർ.എസിലേക്ക് ജീവനക്കാരെ ആകർഷിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. മുതിർന്ന ജീനവനക്കാരെ ഇതിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം തന്നെയാണ്. 53.5 വയസിന് മുകളിലുള്ളവർക്ക് വി.ആർ.സിലൂടെ ലഭിക്കുന്നത് ബാക്കിയുള്ള സർവീസ് കാലയളവിലെ ശമ്പളത്തിന്റെ 125 ശതമാനമാണ്. 50-53.5 വയസിനിടയിലുള്ളവർക്ക് 80-100 ശതമാനം വരെ ലഭിക്കും. കൂടാതെ ഇത്രയും നാൾ അന്നവും ജീവിതവും നൽകിയ കമ്പനിയുടെ ഭാവിയെക്കുറിച്ചുളള്ള ആശങ്കയും വി.ആർ.സിലേക്ക് നയിക്കുന്നു.

കഴിഞ്ഞ മാസമാണ് മുംബയിലെയും ഡൽഹിയിലെയും ടെലികോം ശൃംഗലയായ എം.ടി.എൻ.എലിനെ ബി.എസ്.എൻ.എലുമായി ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നഷ്ടത്തിലോടുന്ന ഇരു സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താൻ 20,140 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസർക്കാ‌ർ പ്രഖ്യാപിച്ചിട്ടുള്ളത്.