tripthi-desai

കൊച്ചി: ശബരിമലദർശനത്തിന് പോകാൻ കഴിയില്ലെന്ന് പൊലീസ് എഴുതി തന്നാൽ തങ്ങൾ പിന്മാറാമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. കോടതി ഉത്തരവിന്റെ കടുത്ത ലംഘനമാണിത്. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിയ്‌ക്കും കത്ത് നൽകിയിട്ടുണ്ട്. എന്തുവന്നാലും ദർശനം നടത്തുമെന്നും തൃപ്‌തി വ്യക്തമാക്കി.

'ഭരണഘടന ഞങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. യുവതികൾക്ക് പ്രവേശനം അനുവദിക്കാമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇന്നിവിടെ വന്നത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്കടക്കം സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ഇനി സുരക്ഷ നൽകിയാലും ഇല്ലെങ്കിലും ഞങ്ങൾ ശബരിമലയിൽ പ്രവേശിക്കും'- തൃപ്‌തി ദേശായി പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് തൃപ്‌തിയും സംഘവും കൊച്ചിയിലെത്തിയത്. തുടർന്ന് ബി.ജെ.പി നേതാക്കൾ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് ഇവരെ കൊച്ചി പൊലീസ് കമ്മിഷണർ ആഫീസിലേക്ക് മാറ്റുകയായിരുന്നു. ശബരിമലയിലേക്ക് പോകാൻ കഴിയില്ലെന്നും തിരിച്ചു പോകണമെന്നും പൊലീസ് അവശ്യപ്പെടുന്നുണ്ടെങ്കിലും മടങ്ങാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണവർ.

അതേസമയം, കഴിഞ്ഞ തവണ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. ഇവർക്ക് നേരെ പ്രതിഷേധക്കാരിലൊരാൾ മുളക് സ്പ്രേ ചെയ്‌തത് വൻ സംഘർത്തിനിടയാക്കി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ്മ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറൽ ഹോസ്‌പിറ്റലിലേക്ക് മാറ്റി. ശബരിമലയിലേക്ക് പോകാൻ സുപ്രീം കോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു അമ്മിണിയും വ്യക്തമാക്കി.