കൊച്ചി: ശബരിമലയിൽ ദർശനത്തിനായെത്തിയ തങ്ങളുടെ തീരുമാനത്തിന് പിന്നിൽ യാതൊരുവിധ ഗൂഢാലോചനയുമില്ലെന്ന് ബിന്ദു അമ്മിണി. തൃപ്തി ദേശായി ആവശ്യപ്പെട്ടതിനാലാണ് താൻ എത്തിയതെന്നും അവർ പറഞ്ഞു. സംസ്ഥാന സർക്കാർ സുരക്ഷ ഒരുക്കിയില്ലെങ്കിൽ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യം ഫയൽ ചെയ്യുമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.
'ശബരിമല ദർശനത്തിനായി പോകുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഞാൻ നേരത്തേ പറഞ്ഞതാണ്. അത്തരത്തിൽ തൃപ്തി ദേശായി എന്നോട് സഹായം അഭ്യാർത്ഥിച്ചു. അതിനാൽ ഞാൻ അവരുടെ കൂടെ വന്നു'-ബിന്ദു അമ്മിണി പറഞ്ഞു. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുന്നതിനിടെയാണ് ബിന്ദുവിന്റെ പ്രതികരണം.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്. ഇവർക്കൊപ്പം ബിന്ദു അമ്മിണിയും കൊച്ചി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയിരുന്നു. ശബരിമല ദർശനത്തിനായി യുവതികൾ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കമ്മിഷണർ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരിലൊരാൾ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ചെയ്‌തിരുന്നു.