കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യൻ സിനിമകളിലെ 80 കളിൽ തിളങ്ങിനിന്ന താരങ്ങൾ നടൻ ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടിയത്. എല്ലാവർഷവും റീയൂണിയൻ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് ഒഫ് 80’സ് എന്നാണ് ഇത്തവണത്തെ പരിപാടിക്ക് ഇവർ നൽകിയ പേര്. ഒത്തുകൂടലിന് തൊട്ടുപിന്നാലെ അതിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ടെന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപ് പോത്തൻ തന്നെ ഒത്തുചേരലിൽ വിളിക്കാത്തതിന്റെ സങ്കടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 'എൺപതുകളിലെ താരങ്ങളുമായി എനിക്ക് വ്യക്തിപരമായി ബന്ധമില്ല. ചിലപ്പോൾ ഞാനൊരു മോശം നടനും സംവിധായകനുമായതു കൊണ്ടാകാം അവരുടെ ഒത്തിചേരലിന് എന്നെ വിളിക്കാതിരുന്നത്. ദു:ഖമുണ്ട്, എന്തുപറയാൻ എന്റെ സിനിമാ ജീവിതം ഒന്നുമല്ലാതായി. ചിലർ ഇഷ്ടപ്പെടും, ചിലർ വെറുക്കും എന്നിരുന്നാലും ജീവിതം മുന്നോട്ടുപോകും'-അദ്ദേഹം കുറിച്ചു.
മോഹൻലാൽ, ജയറാം, ശോഭന, രേവതി, സുഹാസിനിയും മറ്റ് തെന്നിന്ത്യൻ താരങ്ങളായ രാധിക ശരത്കുമാർ, ചിരഞ്ജീവി, നാഗാർജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമൻ, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാൻ തുടങ്ങി നാൽപ്പതോളം താരങ്ങൾ ഈ വർഷത്തെ കൂട്ടായ്മക്ക് എത്തിച്ചേർന്നിരുന്നു.