കൊച്ചി: ശബരിമല ദർശനത്തിനില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. രാത്രി 12.20ന്റെ വിമാനത്തിൽ കേരളത്തിൽ നിന്ന് മടങ്ങുമെന്നും അവർ അറിയിച്ചു. അതേസമയം, തൃപ്തി ദേശായി അടക്കം ഒരു സ്ത്രീകളെയും ശബരിമലയിൽ കയറ്റില്ലെന്ന് മന്ത്രി ബാലൻ പറഞ്ഞു. ശബരിമലയിൽ സമാധാനം ഉറപ്പുവരുത്തുമെന്നും ഇപ്പോൾ നടന്ന സംഭവത്തിന്റെ ഗൂഢാലോചനയെ പറ്റി അന്വേഷിക്കും. ശബരിമല വിധിയിൽ വ്യക്തത വരുത്താൻ സർക്കാർ സുപ്രീം കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്ക് നേരെ നടന്ന ആക്രമണം മനുഷ്യാവകാശ ലംഘനമാണെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റിപൊലീസ് കമ്മീഷണർ ഓഫീസിലെത്തിയിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്‌തി ദേശായിയുടെ സംഘത്തിലുണ്ടായിരുന്നു. യുവതികൾ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കമ്മിഷണർ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ഇവരും ബിന്ദു അമ്മിണിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരിലൊരാൾ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്‌തിരുന്നു.
അതേസമയം, ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃപ്തി ദേശായി പുറപ്പെട്ടത് ആർ.എസ്.എസിനും ബി.ജെ.പിക്കും സ്വാധീനമുള്ള മഹാരാഷ്ട്രയിലാണെന്നും, അവർ വരുന്നത് അറിഞ്ഞത് കേരളത്തിലെ ഒരു മാദ്ധ്യമം മാത്രമാണെന്നും എല്ലാത്തിനും പിന്നിൽ വ്യക്തമായ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്ന് കടകംപള്ളി പറഞ്ഞു.
'ബി.ജെ.പിക്കും ആർ.എസ്.എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പുനെയിൽ നിന്നും ശബരിമലയ്ക്ക് തിരിക്കുന്നു എന്ന് പറഞ്ഞ് പുറപ്പെടുക. വെളുപ്പിനെ അഞ്ചു മണിക്ക് നെടുമ്പാശേരിയിലെ വിമാനത്താവളത്തിൽ എത്തിച്ചേരുക. കേരളത്തിലെ ഒരു മാദ്ധ്യമം മാത്രം വിവരമറിയുക. അവർ ലൈവായി ബൈറ്റ് നൽകുക. അതിനു ശേഷം തങ്ങൾ കോട്ടയം വഴി ശബരിമലയ്ക്ക് പുറപ്പെടുന്നു എന്ന് പറഞ്ഞ് യാത്ര തുടരുന്നു.പക്ഷെ അവരെത്തിയത് കൊച്ചി കമ്മിഷണർ ഓഫീസിനു മുന്നിലാണ്. അവിടെ മുളകു പൊടിയുമായി ഒരാൾ നിൽക്കുന്നു. മുളകുപൊടി സ്‌പ്രേ മാദ്ധ്യമങ്ങളിൽ ലൈവായി വരുന്നു. എല്ലാം ജനങ്ങളുടെ മുന്നിലെത്തുന്നു, ഇതിനു പിന്നിൽ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനവുമുണ്ടെന്ന് തന്നെ ഞാൻ കരുതുന്നു'- കടകംപള്ളി പറഞ്ഞു.