മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ബീന ആന്റണി. മിനി സ്‌ക്രീനീൽ എത്തുന്നതിന് എത്രയോ മുമ്പ് നിരവധി സിനിമകളിൽ ബീന ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി. നടൻ മനോജ് നായരെയാണ് ബീന വിവാഹം ചെയ്‌തത്.
ബേബി ശാലിനി, ബേബി ശ്യാമിനി, ഗീതു മോഹൻദാസ് തുടങ്ങി നിരവധി പേർ ബാലതാരങ്ങളായി എത്തി പിന്നീട് മലയാള സിനിമയിൽ തിളങ്ങിയവരാണ്. അതുപോലെ തന്നെ ബാലതാരമായി എത്തിയ ആളാണ് ബീന ആന്റണി എന്ന് മനോജ് പറയുന്നു. മോഹൻലാലിനൊപ്പം ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമായിരുന്നു അത്. സിനിമ ചിത്രീകരിച്ച പള്ളിയിൽ വച്ചു തന്നെയാണ് അധികം ആർക്കും അറിയാത്ത രഹസ്യം മനോജ് കൗമുദി പ്രേക്ഷകരുമായി പങ്കുവച്ചത്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിൽ പങ്കെടുത്തുകൊണ്ടാണ് തങ്ങളുടെ വിശേഷങ്ങൾ താരകുടുംബം പങ്കുവച്ചത്.