ഗൗതമ ബുദ്ധൻ മോഹമില്ലായ്മയെകുറിച്ച് പറഞ്ഞപ്പോൾ ആളുകൾക്ക് ആഗ്രഹങ്ങളില്ലാതെ ജീവിക്കാൻ കഴിയുമെന്നൊന്നും വിചാരിച്ചിട്ടുണ്ടാവില്ല; ആഗ്രഹങ്ങളില്ലാതെ ഇവിടെ നിലനിൽക്കാനാവില്ലെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. ആഗ്രഹങ്ങളില്ലാതെ ജീവിക്കണമെന്നത് തന്നെ, വലിയൊരാഗ്രഹമാണ്. ആഗ്രഹമില്ലായ്മയെന്ന് പറഞ്ഞതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്, നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങളായി മാറരുതെന്നാണ്.
ആഗ്രഹങ്ങൾ ഒരിക്കലും നിങ്ങളെ സംബന്ധിക്കുന്നതല്ല. അത് ഈ നിമിഷത്തിനോ, സാഹചര്യത്തിനോ വേണ്ടിയുള്ളതാണ്. ഇവിടെയുള്ള എല്ലാത്തിനോടും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെന്തോ അത് ചെയ്യുക. നിങ്ങൾ ഇപ്രകാരമാകുമ്പോൾ, നിങ്ങൾക്ക് എല്ലാത്തിനോടും ആഴത്തിൽ ഇടപെടാനാവും. എന്നാൽ ഒന്നിനോടും നിങ്ങൾ താദാത്മ്യം പ്രാപിക്കുകയുമില്ല. ആ അർത്ഥത്തിൽ ആഗ്രഹമില്ലാതെയാവുകയാണെങ്കിൽ, അയാൾക്ക് കർമബന്ധനങ്ങളുണ്ടാവുകയില്ല. അയാൾ ഒരു യുദ്ധം തന്നെ ചെയ്താലും അയാൾക്ക് കർമബന്ധനങ്ങളുണ്ടാവില്ല. കാരണം അതെല്ലാം ചെയ്യണമെന്ന ആഗ്രഹം അയാൾക്കുണ്ടായിരുന്നില്ല. എന്തിനോടെങ്കിലുമുള്ള സ്നേഹമോ ദേഷ്യമോ കൊണ്ടല്ല അയാളതൊക്കെ ചെയ്യുന്നത്. ചെയ്യേണ്ടതായ കാര്യമായത് കൊണ്ടാണ്. ഭഗവദ്ഗീതയിലാകമാനം ശ്രീകൃഷ്ണൻ പറയുന്നത് ഒരു കർമവും ചെയ്യാതിരിക്കുന്നതിനെക്കുറിച്ചാണ് . പക്ഷേ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നുമുണ്ട്. അദ്ദേഹം മോഹമില്ലായ്മയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് വ്യത്യസ്തമായ പശ്ചാത്തലത്തിലും അർത്ഥത്തിലുമാണ്.
നിങ്ങളുടെ അഭിനിവേശങ്ങളോടും ആഗ്രഹങ്ങളോടും ഒരിക്കലും പോരാടരുത്. ഫലശൂന്യമാണത് . നിങ്ങളുടെ ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും ശരിയായ ദിശയിലാക്കാനാണ് പരിശീലിപ്പിക്കേണ്ടത്. നിങ്ങളുടെ ആഗ്രഹങ്ങളുടെ സ്വഭാവം എന്ത് തന്നെയായാലും ജീവന്റെ അഗാധതലങ്ങളിലെത്തുന്നത് ജീവോർജത്തിന്റെ ശ്രമത്തിലൂടെ മാത്രമാണ്. ജീവോർജം ശ്രമിക്കുന്നത് ജീവിതാനുഭവങ്ങൾ വർദ്ധിപ്പിക്കാനാണ്. ഈ ജീവോർജം കേന്ദ്രീകരിക്കുന്നത് ലോകത്തിലെ വിവിധ കാര്യങ്ങളിലാണെങ്കിൽ, ആരെങ്കിലും എപ്പോഴെങ്കിലും അതിന്റെ പൂർത്തീകരണം തടസപ്പെടുത്തിയാൽ നിങ്ങൾ ദു:ഖാർത്തരാവും. എന്നാൽ അത് ഒരു ദിശയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടാൽ പ്രശ്നമില്ല.
അതിനാൽ ജീവിതത്തിൽ ഏറ്റവും ഉന്നതമായത് മാത്രം ആഗ്രഹിക്കുക. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അതിന്റെ ഉന്നതിയിലേക്ക് നയിക്കുക. നിങ്ങൾ ദേഷ്യത്തിലായിരിക്കുമ്പോൾ നിങ്ങൾക്ക് സ്നേഹിക്കാനാവില്ല; പെട്ടെന്ന് ദേഷ്യത്തെ സ്നേഹമാക്കി മാറ്റാനും കഴിയില്ല. എന്നാൽ നിങ്ങൾക്ക് ദേഷ്യത്തെ വഴിതിരിച്ചു വിടാം. നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ, നിങ്ങൾ ഏറ്റവും ഉയർന്നതായിട്ട് കരുതുന്നത് എന്താണോ അതിലേക്ക് അതിനെ നയിക്കുക. ദേഷ്യമെന്നാൽ അതിശക്തമായ ഒരു ഊർജ്ജമാണ്, കാമവും അതിശക്തമായ ഊർജ്ജമാണ്. ഇവയെയെല്ലാം ശരിയായ ദിശയിലേക്ക് നയിക്കുക. നിങ്ങളിലെ എല്ലാ ഊർജ്ജവും, ആഗ്രഹവും വികാരവും ചിന്തയും എല്ലാം ഒരേ ദിശയിൽ കേന്ദ്രീകരിക്കപ്പെടുകയാണെകിൽ ഫലപ്രാപ്തി വളരെ വേഗത്തിലായിരിക്കും.