മോഹൻലാൽ എന്ന നടന്റെ ഓരോ ചലനവും മലയാളിക്ക് ആഘോഷമാണ്. 'എന്തോ ഇഷ്‌ടമാണ് എന്നെ എല്ലാവർക്കും' എന്ന ലാലിന്റെ തന്നെ ഡയലോഗ് ആരാധകർ എന്നോ ഏറ്റെടുത്ത് കഴിഞ്ഞു എന്നു തന്നെ പറയാം. ഇനി അതൊരുപക്ഷേ സിനിമയിൽ തന്നെ കാണണം എന്നില്ല. ബിഗ്‌സ്ക്രീനിന് പിന്നിലെ താരത്തിന്റെ ദിനചര്യകൾ പോലും സോഷ്യൽ മീഡിയയിലടക്കം ആഘോഷമാക്കാറുണ്ട് ആരാധകർ.
എന്നാൽ ഇപ്പോഴിതാ, മോഹൻലാലിന്റെ പഴയ ഒരു അഭിമുഖം ശ്രദ്ധേയമാവുകയാണ്. നെടുമുടി വേണുവാണ് താരത്തെ അഭിമുഖം നടത്തുന്നത്. അതിൽ കൺവെൺഷണൽ നായകന്റെ രൂപസങ്കൽപമില്ലാത്ത ഒരാളെന്ന് പറയുന്നതിൽ കുറച്ചിലൊന്നുമില്ലല്ലോ? എന്ന് വേണു ലാലിനോട് ചോദിക്കുന്നുണ്ട്. അതിന് ഉത്തരമായി അങ്ങനെ വിളിക്കുന്നത് കൊണ്ട് അഭിമാനം മാത്രമേയുള്ളുവെന്നാണ് ലാൽ പറയുന്നത്.
കൺവെൺഷണൽ നായകന്റെ രൂപസങ്കൽപമില്ലാത്ത ഒരാൾക്ക് ഇത്രയും ജനപ്രീതി ആർജിക്കാനും ഇത്രയും നല്ല സിനിമകളിൽ അഭിനയിക്കാനും അത് അക്‌സപ്‌റ്റ് ചെയ്യാനും അംഗീകാരങ്ങൾ പിടിച്ചു പറ്റാനും കഴിഞ്ഞത് കേരളത്തിലായതുകൊണ്ടല്ലേ എന്ന ചോദ്യത്തിനും അതെ എന്നാണ് ലാലിന്റെ മറുപടി. 'വേണു ചേട്ടൻ, ശ്രീനിവാസൻ, ഗോപിച്ചേട്ടൻ.... അങ്ങനെ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും കൺവെൺഷനൽ ആയ ആക്‌ടേഴ്‌സായിട്ട് മാറി നിൽക്കുന്നവരാണ് നമ്മൾ. അതൊരുപക്ഷേ മലയാളത്തിൽ ആയതുകൊണ്ടാകാം. അതിൽ നമ്മൾ അഭിമാനം കൊള്ളണം. ഭാഗ്യമായിട്ട് കരുതണം'.
മോഹൻലാൽ എന്തുകൊണ്ട് ഭാഷയുടെ അതിർത്തി വിട്ട് തമിഴിലോ തെലുങ്കിലോ അഭിനയിക്കുന്നില്ല എന്ന ചോദ്യത്തിന് അക്കാലത്ത് ലാൽ നൽകിയ മറുപടി ഇങ്ങനെ- 'തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലൊക്കെ അഭിനയിക്കാൻ എന്നെ വിളിച്ചിട്ടുണ്ട്. ഏറ്റവും നല്ല സിനിമകൾ ഉണ്ടാക്കുന്നത് അതിപ്പോൾ കഥാപരമായോ, ടെക്‌നീഷ്യൻസോ എല്ലാം. അത് മലയാള സിനിമയിൽ നിന്നാണെന്ന് പറഞ്ഞു. അതു തന്നെയാണ് ചോദ്യത്തിനുള്ള ഉത്തരവും'