തിരുത്തപ്പെടേണ്ടതായ ഒരുപാട് കാഴ്ചപ്പാടുകൾ നമ്മുടെ സമൂഹത്തിലുണ്ട് എന്ന് പറയാതെ പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം വിവാഹം എന്ന് പറഞ്ഞാൽ സിംപിളായിരിക്കും,വലിയ പരിപാടികളൊന്നും ഉണ്ടാകില്ലെന്ന് ചിന്തിക്കുന്ന നിരവധിയാളുകൾ ഉണ്ട്.
എന്നാൽ രണ്ടാം വിവാഹമാണെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യ വിവാഹമാണെന്ന് പറഞ്ഞുകൊണ്ടുള്ള ജിമ്മി ജോൺ എന്ന യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോസ്ബി ജോസഫിനെയാണ് ജിമ്മി തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ജി.എൻ.പി.സി എന്ന സോഷ്യൽ മീഡിയയിലെ ഒരു ഗ്രൂപ്പിലൂടെയാണ് യുവാവ് വിവാഹ വിശേഷം പുറത്തുവിട്ടിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“ഓഹ്, രണ്ടാം കെട്ടല്ലേ.. അപ്പോപ്പിന്നെ വല്ല്യ പരിപാടിയൊന്നും വേണ്ടല്ലോ.. വെറുതെയെന്തിനാ കാശ് കളയുന്നത്.. അല്ലേ
ആദ്യവിവാഹം എട്ട് നിലയിൽ പൊട്ടി, കേസും കൂട്ടവുമായി നടന്ന്, നാട്ടിൽ മൊത്തം ചീത്തപ്പേരും കേൾപ്പിച്ച്, ‘നീയിങ്ങനെ ഒറ്റത്തടിയായി നടന്നോ, പ്രായമാവുമ്പോൾ പഠിച്ചോളും’ തുടങ്ങിയ സദ്‌വചനങ്ങളും കേട്ട് മടുത്ത്, ‘ആലം ദുനിയാവിൽ എന്നായാലും പെണ്ണെട്ടേണം, അത് ഇന്നന്നായ്ക്കോട്ടെ, അത് ഓളന്നായ്ക്കോട്ടെ’ എന്നുറപ്പിച്ച്, അക്കാര്യമറിയിച്ചപ്പോൾ അടുത്ത കൂട്ടുകാരിൽ ചിലരും ബന്ധുക്കളിൽ പലരും നാട്ടുകാരിൽ മിക്കവരും പ്രതികരിച്ചത് ഇപ്രകാരമായിരുന്നു..?? അവരെ കുറ്റം പറയാൻ പറ്റില്ല.. കാര്യം ഞങ്ങളുടെ രണ്ടാളുടെയും രണ്ടാം വിവാഹമാണെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യവിവാഹമാണെന്ന് അവർ ഓർത്തുകാണില്ല..? എന്നാപ്പിന്നെ ഒന്നിനും ഒരു കുറവും വരുത്തേണ്ടന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു..?? വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ച്, അവരെ സാക്ഷികളാക്കി വരണമാല്യവും മോതിരവും ചാർത്തി.. മൂന്നാംദിവസം പറന്നു, മാലി ദ്വീപിന്റെ വശ്യതയിൽ ‘മധുചന്ദ്രിക’യെ തേടി..??
നന്ദിയുണ്ട്.. ജീവിതം തിരിച്ചുപിടിക്കാനുള്ള ഊർജ്ജത്തിനായി നെരിപ്പോടിൽ തീ പകർന്ന ഞങ്ങളുടെ മുൻ പങ്കാളികളോട്.. കൈത്താങ്ങായി കൂടെ നടന്ന മാതാപിതാക്കളോട്, സഹോദരീസഹോദരന്മാരോട്, എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ചങ്കുകളോട്.. നാട്ടിലും മറുനാട്ടിലും കഥകൾ ചൊല്ലിപ്പരത്തുന്ന ‘പാണന്മാരോട്’.. മതമില്ലാത്ത മനുഷ്യനാവാൻ സഹായിച്ച പാതിരിയോട്.. ചൊല്ലിത്തീർക്കാനാവാത്തത്രയും നന്ദി..!!??