ajith-pawar

മുംബയ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ.സി.പി നേതാവ് അജിത് പവാർ രാജിവച്ചു. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് രാജി. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി പദം രാജിവയ്‌ക്കുമെന്നും സൂചനയുണ്ട്. ഇന്ന് മൂന്നരയ്ക്ക് ഫഡ്നാവിസ് മാദ്ധ്യമങ്ങളെ കാണുന്നുണ്ട്.

സർക്കാർ നാളെ വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിയമസഭയിൽ മാദ്ധ്യമങ്ങളുടെ മുന്നിൽ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികൾ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടു. പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.