modi-onion

ന്യൂഡൽഹി: ഉള്ളി വിലയിൽ നട്ടംതിരിയുന്ന ജനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ഈജിപ്തിൽ നിന്ന് 6,​029 ടൺ ഉള്ളി ഇറക്കുമതി ചെയ്യാനാണ് മോദി സർക്കാരിന്റെ തീരുമാനം. ഇതിനായി പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം.എം.ടി.സിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സവാള 52-60 രൂപ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും

​ഈജിപ്തിൽ നിന്ന് മുംബയിലെ നവഷെവയിലാണ് (ജെ.എൻ.പി.ടി) സവാള എത്തുക. ശേഷം സംസ്ഥാനങ്ങൾക്ക് 52-60 രൂപ നിരക്കിൽ വിതരണം ചെയ്യും. അടുത്തമാസം ആദ്യവാരം മുതൽ വിതരണം ആരംഭിക്കും. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, സിക്കിം, ഡൽഹി,​ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി 2,265 ടണ്‍ സവാളയുടെ ഓർഡർ ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങളോടും അധികം വൈകാതെ വിവരമറിയിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അറിയാനായി ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് കെ. ശ്രീവാസ്തവ ഇന്നലെ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. കൂടാതെ നവംബർ 23ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

വില വർദ്ധിച്ചതോടെ ഹോട്ടലുകളിലുൾപ്പെടെ സവാളയുടെ ഉപയോഗം കുറച്ചിരിക്കുകയാണ്. മുട്ടറോസ്റ്റൊന്നും ഇപ്പോൾ ഹോട്ടലുകളിൽ കിട്ടാൻ പോലും ഇല്ല. കൂടാതെ മീൻ വറുത്തതിലൊക്കെ ഉള്ളി അരിഞ്ഞു നൽകുന്ന പതിവും ഇപ്പോൾ പല കച്ചവടക്കാരും അവസാനിപ്പിച്ചിരിക്കുകയാണ്.