bjp-

സുദീർഘമായ കൂടിയാലോചനകൾക്കൊടുവിൽ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്നുള്ള മന്ത്രിസഭാ രൂപീകരണത്തിന് അരങ്ങൊരുങ്ങിയ ഘട്ടത്തിലാണ് തീർത്തും അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറിയിലൂടെ ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചുവന്നത്. ത്രികക്ഷി സഖ്യത്തിന്റെ ഭാഗമായ എൻ.സി.പിയെ നെടുകെ പിളർത്തി ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയായിരുന്നു ബി.ജെ.പി പണി പറ്റിച്ചത്. എന്നാൽ ആ സർക്കാരിന് ദീർഘനാളത്തെ ആയുസുണ്ടാകില്ലെന്ന് ഇന്നത്തെ സുപ്രീം കോടതി വിധി പുറത്തുവന്നതോടെ മനസിലായി. എല്ലാം നേരത്തെ മുന്നിൽ കണ്ട് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനവും ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനവും രാജിവച്ചു. ഇതോടെ മഹാരാഷട്ര രാഷ്ട്രീയം മാറി മറിയുകയാണ്. ബി.ജെ.പി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ടപ്പോൾ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടം കൊയ്തിരിക്കുകയാണ് ചിലർ. വിശദാംശങ്ങൾ ഇങ്ങനെ..

ചാണക്യതന്ത്രം പിഴച്ചു

ബി.ജെ.പിയുടെ അണികളും നേതാക്കളും വാഴ്ത്തിയ അമിത് ഷായുടെ ചാണക്യതന്ത്രത്തിനാണ് സുപ്രീം കോടതി വിധി പുറത്തുവന്നതോടെ തിരിച്ചടിയായിരിക്കുന്നത്. കൂടാതെ 14 ദിവസത്തെ സമയം കൊണ്ട് പരമാവധി അംഗങ്ങളെ സ്വന്തം പാളയത്തിൽ എത്തിക്കാമെന്ന പ്രതീക്ഷയുമാണ് സുപ്രീം കോടതി വിധിയോടെ തകർന്നിരിക്കുന്നത്. ബുധനാഴ്ച 5 മണിക്ക് ഉള്ളിൽ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബി.ജെ.പി. ഈ സാഹചര്യത്തിൽ കൂടുതൽ സ്വതന്ത്രരെയും ചെറുപാർട്ടികളിൽ നിന്ന് എം.എൽ.എമാരെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ് നേരിടാൻ മുംബയിൽ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ് ബി.ജെ.പി. കൂടാതെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ എന്തെങ്കിലും അത്ഭുതം കാണിച്ചാൽ മാത്രമേ അധികാരം ബി.ജെ.പിയുടെ കൈകളിൽ സുരക്ഷിതമാവുകയുള്ളൂ.

നേട്ടം അജിത് പവാറിന്
ബി.ജെ.പിയോടൊപ്പം 48 മണിക്കൂർ ചെലവഴിച്ചതിൽ ഏറ്റവും വലിയ നേട്ടം അജിത് പവാറാണ് നേടിയെടുത്തത്. വൻവിവാദമായ വിദർഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരെ റജിസ്റ്റർ ചെയ്ത 9 കേസുകളിലെ അന്വേഷണമാണ് സർക്കാർ അവസാനിപ്പിക്കുന്നത്. അതായത് അജിത് പവാർ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളിൽ ആന്റികറപ്ഷൻ ബ്യൂറോ എഴുതിത്തള്ളിയത്. 70,000 കോടിയുടെ അഴിമതി കേസാണ്.1999- 2014 കാലഘട്ടത്തിൽ വിവിധ സമയങ്ങളിലായാണ് അജിത് ജലസേചന വകുപ്പ് മന്ത്രിയായിരുന്നത്. കോൺഗ്രസ് എൻ.സി.പി ഭരണകാലത്ത് ഏറ്റെടുത്ത വിവിധ പദ്ധതികൾക്ക് അനുമതി നൽകുന്നതിലും നടപ്പിലാക്കുന്നതിലും വൻ അഴിമതി നടന്നതായാണ് ആരോപണം. എന്നാൽ ഇപ്പോൾ ബി.ജെ.പി അധികാരം കൈവിടുമെന്ന കാര്യം ഏകദേശം ഉറപ്പായതോടെ കേസുകൾ വീണ്ടും കുത്തിപ്പൊക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

കേന്ദ്ര ബിന്ദുവായി ശിവസേന

ഒരു സുപ്രഭാതത്തിൽ ഉണ്ടായ പ്രതിസന്ധിയിൽ പതറാതെ മുന്നണിയെ പിടിച്ചുനിറുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് ശിവസേനയാണെന്ന കാര്യത്തിൽ സംശയമില്ല. എം.എൽ.എമാരെ പാർപ്പിച്ച റിസോർട്ടുകൾക്ക് കാവൽ നിന്നും ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങൾ മെനയുന്നതിനും മുന്നിൽ നിന്നത് ശിവസേനയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ എതിർപാളയത്തിലേക്ക് പോകാൻ തുനിഞ്ഞ എൻ.സി.പി എം.എൽ.എമാരെ കണ്ട് ചർച്ചകൾ നടത്തിയതിന് ശേഷം തിരികെ കൊണ്ടുവന്നത് ശിവസേനയുടെ നേതൃത്വത്തിലാണ്. സഞ്ജയ് ബൻസോദിനെയും ബാബാസാഹേബ് പാട്ടീലിനെയുമാണ് ശിവസേന നേതാക്കളായ മിലിന്ദ് നർവേകറും ഏക്‌നാഥ് ഷിൻഡെയും തിരികെ എത്തിച്ചത്. ഇവരെ ബി.ജെ.പി ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകാനിരുന്നുവെന്നാണ് റിപ്പോർട്ട്. എം.എൽ.എമാരുടെ കുടുംബങ്ങളെ ഉപയോഗിച്ച് ശിവസേന നടത്തിയ നീക്കമാണ് ഇവിടെ വിജയം കണ്ടതെന്നും റിപ്പോർട്ടുണ്ട്.