ലക്‌നൗ:അയോദ്ധ്യയിലെ തർക്കസ്ഥലം രാമക്ഷേത്ര നിർമ്മാണത്തിന് കൈമാരണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകേണ്ടതില്ലെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ് തീരുമാനിച്ചു.
ഇന്നലെ ഇവിടെ ചേർന്ന ബോർഡിന്റെ സുപ്രധാന യോഗത്തിന് ശേഷം ചെയർമാൻ സുഫർ ഫറൂഖി അറിയിച്ചതാണ് ഇക്കാര്യം.
ബോർഡിലെ എട്ട് അംഗങ്ങളിൽ ഏഴ് പേരും യോഗത്തിൽ പങ്കെടുത്തു. അവരിൽ ആറ് പേരും റിവ്യൂ ഹർജി നൽകേണ്ട എന്ന നിലപാടാണെടുത്തതെന്നും ഫറൂക്കി പറഞ്ഞു.
അതേസമയം, അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാൻ സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കണോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. അക്കാര്യം ആലോചിക്കാൻ കൂടുതൽ സമയം വേണം. പള്ളി നിർമ്മിക്കാൻ പുറത്തു നിന്ന് ഭൂമി സ്വീകരിക്കുന്നത് ശരി അത്ത് നിയമ പ്രകാരം ഉചിതമാണോ എന്ന് പരിശോധിക്കണം. അതിനായി വഖഫ് ബോർഡിന്റെ മറ്റൊരു യോഗം ചേരുമെന്നും ഫറൂഖി പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാനും പള്ളി നിർമ്മാണത്തിന് അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കില്ലെന്നും മുസ്ലീം വ്യക്തിനിയമ ബോർഡും ജംഇയ്യത്തുൽ ഉലമ ഹിന്ദും കഴിഞ്ഞയാഴ്‌ച തീരുമാനിച്ചിരുന്നു. സുന്നി വഖഫ് ബോർഡ് അപ്പോൾ തന്നെ അതിനോട് വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. വഖഫ് ബോർഡ് ഇന്നലത്തെ യോഗത്തിൽ ആ തീരുമാനം ആവർത്തിച്ചിരിക്കയാണ്.
എന്നാൽ ഭൂമി തർക്ക കേസിൽ കക്ഷിയല്ലാത്ത മുസ്‌ലീം വ്യക്തി നിയമ ബോർഡിന് സ്വന്തം നിലയ്‌ക്ക് റിവ്യൂ ഹർജി നൽകാൻ കഴിയില്ല. കേസിൽ കക്ഷികളായ എട്ട് മുസ്ലീം സംഘടനകളിൽ ആരുടെയെങ്കിലും സഹായത്തോടെ മാത്രമേ വ്യക്തിനിയമ ബോർഡിന് റിവ്യൂ ഹർജി നൽകാൻ കഴിയൂ. ജംഇയ്യത്തുൽ ഉലമ കേസിൽ കക്ഷിയാണ്.
അതേസമയം, അയോദ്ധ്യ കേസിലെ മുഖ്യ കക്ഷികളിൽ ഒരാളായ ഇക്ബാൽ അൻസാരി റിവ്യൂ ഹർജിക്കെതിരാണ്. ഭൂമിതർക്ക കേസിലെ ആദ്യ പരാതിക്കാരനായ ഹാഷിം അൻസാരിയുടെ മകനാണ് ഇക്ബാൽ അൻസാരി.