novel

വടക്കേ കോവിലകത്തിനു മുന്നിൽ ബൊലേറോ നിന്നു.

സി.ഐ അലിയാരും എസ്.ഐ സുകേശും അടങ്ങുന്ന സംഘം കോവിലകത്തിന്റെ ആനവാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ചു.

പെട്ടെന്ന് അലിയാർ മൂക്കുവിടർത്തി ഒന്നു നിന്നു.

എന്തോ പാചകം ചെയ്തതിന്റെ ഗന്ധം പോലെ...

''സുകേശേ... ഞാൻ ഇപ്പം വരാം." അലിയാർ അടുക്കളയിലേക്കു പാഞ്ഞു.

അടുക്കള ശൂന്യമായിരുന്നു. എന്നാൽ അതിനുള്ളിലും ആ ഗന്ധം തങ്ങി നിന്നിരുന്നു.

അവിടെയാരോ ഭക്ഷണം പാകം ചെയ്തെന്ന് ഉറപ്പ്. എന്നാൽ അതിനുള്ള തെളിവുകൾ ഇല്ലതാനും.

അലിയാർ ഗ്യാസ് സ്റ്റൗവിനു മേൽ കൈവച്ചുനോക്കി. അതിനു നേരിയ ചൂടുണ്ട്.

അയാളുടെ കണ്ണുകൾ വട്ടം ചുറ്റി.

അടുക്കിവച്ചിരിക്കുന്ന ഗ്ളാസുകളിൽ ചിലതിന് നനവുണ്ട്.

അയാൾ ഫ്രിഡ്ജ് തുറന്നു. അത് ഓഫു ചെയ്തിരിക്കുകയാണെങ്കിലും തണുപ്പ് തങ്ങിനിൽപ്പുണ്ട്.

ദിവസങ്ങൾക്കു മുൻപ് തങ്ങൾ ഓഫു ചെയ്തിട്ട ഫ്രിഡ്ജാണ്! ഒരുതരം ദുർഗ്ഗന്ധമാണ് അതിൽ നിന്നു വരേണ്ടിയിരുന്നത്. പകരം തണുപ്പു വരില്ലല്ലോ....

അലിയാർ സിങ്കിനരുകിലേക്കു നീങ്ങി. അവിടെയും നനവുണ്ട്.

എന്തോ ചിന്തിച്ചശേഷം അയാൾ കോവിലകത്തെ വാട്ടർ പൈപ്പുകൾ മുഴുവൻ തുറന്നുവിട്ടു.

പിന്നെ സുകേശിന്റെയും മറ്റും അടുത്തെത്തി.

''എന്താ സാർ?" സുകേശിനു സംശയമുണ്ടായിരുന്നു.

''ഒന്നുമില്ല. കമിൻ."

പറഞ്ഞിട്ട് അലിയാർ പാഞ്ചാലിയുടെ മുറിയിലേക്കു പോയി. അത് തള്ളിത്തുറന്നു.

ആകാംക്ഷയോടെയാണ് ഏവരും അകത്തേക്കു നോക്കിയത്.

എല്ലാവരുടെയും മുഖത്തെ വെളിച്ചം അണഞ്ഞതുപോലെയായി.

അലിയാർ ഭദ്രമായി മടക്കി കിടക്കയിൽ വച്ചിരുന്ന ആ കമ്പിളി അതേപോലെ അവിടെത്തന്നെയുണ്ടായിരുന്നു...

''ഛേ...." അലിയാർ തലകുടഞ്ഞു. തന്റെ കണക്കുകൂട്ടൽ തെറ്റിയിരിക്കുന്നു! ഇന്നു കൊണ്ട് കേസിനു പരിസമാപ്തി ഉണ്ടാകുമെന്നു കരുതിയിരുന്നതാണ്.

താൻ കരുതുന്നവരല്ലേ ഇതിനൊക്കെ പിന്നിൽ?

എങ്കിലും കമ്പിളി അവിടെനിന്നെടുത്തില്ല അലിയാർ.

പുറത്തിറങ്ങി വെറുതെ എല്ലായിടത്തേക്കും കണ്ണോടിച്ചു. ശേഷം ഉച്ചത്തിൽ പറഞ്ഞു:

''നമ്മൾ കരുതുന്നതുപോലെ ഒന്നുമല്ല സുകേശേ കാര്യങ്ങൾ. ഈ കോവിലകത്ത് പ്രേതബാധയുണ്ട്. എനിക്കുറപ്പാ. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥനായ എനിക്ക് അങ്ങനെ സുപ്പീരിയേഴ്സിനോട് പറയാൻ കഴിയില്ലല്ലോ. അവർ എന്തു വിചാരിക്കും?"

സുകേശ് ആദ്യം കാണുന്നതുപോലെ അലിയാരെ നോക്കി. ഇദ്ദേഹത്തിൽ നിന്ന് ഒരിക്കലും ഇങ്ങനെയൊരു അഭിപ്രായം ഉണ്ടാകേണ്ടതല്ലല്ലോ...

''എന്നാലും സാർ..."

സുകേശ് എന്തോ ചോദിക്കുവാൻ ഭാവിച്ചു.

''ചില സത്യങ്ങൾ അങ്ങനെയാ സുകേശേ..."

പറഞ്ഞുകൊണ്ട് അലിയാർ കണ്ണിറുക്കി. മറ്റ് പോലീസുകാർ ആരും അത് ശ്രദ്ധിച്ചുമില്ല.

അലിയാർ എന്തോ തീരുമാനിച്ചിട്ടുണ്ടെന്ന് പക്ഷേ സുകേശിനു മനസ്സിലായി.

''അപ്പോൾ നമുക്ക് പോയേക്കാം." അലി​യാർ പ്രധാന വാതി​ലി​നു നേർക്കു നടന്നു.

കോവി​ലകത്തി​ന്റെ മുറ്റത്തുനി​ന്ന് ജി​പ്‌സി​ തി​രി​ച്ചുപോയി​.

നി​ലവറയി​ൽ നി​ന്ന് ശ്രീനി​വാസ കി​ടാവും അനുജൻ ശേഖരകി​ടാവും വെളി​യി​ൽ വന്നു.

''എന്നാലും അവൻ പൈപ്പുകൾ മുഴുവൻ തുറന്നുവിട്ടിട്ട് പോയത് ഭയങ്കരമായി. ടാങ്കിൽ ഉണ്ടായിരുന്ന മൊത്തം വെള്ളവും പോയില്ലേ?"

എം.എൽ.എ പല്ലു കടിച്ചു.

''അത് പോട്ടെ. അടുക്കളയിലാ മോട്ടറിന്റെ സ്വിച്ച്. നമ്മൾ വീണ്ടും വെള്ളം നിറച്ചിടും. അല്ല പിന്നെ."

ശേഖരൻ ചിരിച്ചു.

പിന്നെ അയാൾ പോയി അലിയാർ തുറന്നിട്ട മൊത്തം പൈപ്പുകളും അടയ്ക്കുകയും മോട്ടറിന്റെ സ്വിച്ച് ഓണാക്കുകയും ചെയ്തു.

ഏറിയാൽ രണ്ടുനാൾ. അതിനുള്ളിൽ നമ്മളിവിടെനിന്ന് പോകുമല്ലോ...."

അതാണ് ശ്രീനിവാസകിടാവിന്റെയും ആശ്വാസം.

ചന്ദ്രകലയെയും പ്രജീഷിനെയും ഇവിടെ കിട്ടിക്കഴിഞ്ഞാൽ എടുക്കാവുന്നതത്രയും എടുത്തുകൊണ്ട് തങ്ങൾ രക്ഷപ്പെടും. പിന്നെ മടങ്ങിയെത്തുന്നത് ഒരുത്തനും തളയ്ക്കാൻ കഴിയാത്തവരായിട്ട് ആയിരിക്കും.

തങ്ങൾക്കെതിരെ തെളിവുകളോ സാക്ഷികളോ ഒന്നും ഉണ്ടാവില്ല.

നിലമ്പൂർ പോലീസ് സ്റ്റേഷൻ.

സി.ഐ അലിയാരും സംഘവും മടങ്ങിയെത്തി.

അകത്ത് തന്റെ ക്യാബിനിലേക്കു കയറിയ ഉടൻ അലിയാർ, സുകേശിനെ അങ്ങോട്ടു വിളിപ്പിച്ചു.

''ഞാൻ കോവിലകത്തു വച്ച് അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് തനിക്കു മനസ്സിലായോ?"

''ഇല്ല സാർ..."

'' ആ കോവിലകത്തിനുള്ളിൽ ആരോ ഉണ്ട്. അത് നമ്മൾ മനസ്സിലാക്കി എന്നറിഞ്ഞാൽ അവർ ഏതെങ്കിലും രഹസ്യമാർഗം വഴി രക്ഷപ്പെട്ടേക്കും. അത് പാടില്ല."

സുകേശിന് അമ്പരപ്പ്.

''അവിടെ ആരു വരാനാ?"

''ആർക്കാ വരാൻ പാടി​ല്ലാത്തത്? ഇപ്പോൾ നമ്മൾ ഒന്നും മനസ്സിലാക്കിയില്ല എന്നു കരുതി അവർ സുഖമായി കഴിയട്ടെ."

അലിയാർ പറഞ്ഞുനിർത്തിയ ഉടൻ ഒരാൾ ഹാഫ് ഡോറിനു മുന്നിലെത്തി. കൈവിരൽ മടക്കി ഡോറിൽ മൃദുവായി മുട്ടി.

(തുടരും)