
മുംബയ്: അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസും രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി. മുംബയിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്ക്കുന്നെന്നും ജനങ്ങൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ആഗ്രഹിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാരിന്റെ ഭൂരിപക്ഷം വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
മഹാരാഷ്ട്രയിലെ ജനവിധി ബി.ജെ.പിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സർക്കാരുണ്ടാക്കാൻ ഗവർണർ ആദ്യം ക്ഷണിപ്പോൾ ശിവസേന പിന്തുണ ഇല്ലാതിരുന്നതിനാൽ അതിന് ബി.ജെ.പി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കൊപ്പം നിന്ന് മറുപക്ഷവുമായി ചർച്ച നടത്തുകയായിരുന്നു ശിവസേന ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.