പത്തനംതിട്ട: ജില്ലയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അപ്പർ കുട്ടനാടൻ ഗ്രാമങ്ങളിൽ കാൻസർ രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ആരോഗ്യ സർവ്വേ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. അടുത്ത ആഴ്ച തന്നെ സ്ഥലം എം.എൽ.എയും മുൻ മന്ത്രിയുമായ മാത്യു ടി. തോമസിന്റെ നേതൃത്വത്തിൽ അവലോകന യോഗംചേർന്ന് ഭാവി പരിപാടികൾ വിലയിരുത്തും. ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ ദൂരീകരിക്കാനുള്ള നടപടികൾക്കാകും പ്രാധാന്യം നൽകുക. ഒപ്പം രോഗ ബാധിതർക്കു തുടർ ചികിത്സയും ഉറപ്പാക്കും.

cancer

കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് പത്തനംതിട്ട ജില്ലയിലെ അപ്പർ കുട്ടനാട് പ്രദേശങ്ങളായ നിരണം, കടപ്ര പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് കാൻസർ രോഗ ബാധ പടരുന്നതായി ശ്രദ്ധയിൽ പെട്ടത്. നിരണത്തെ തോട്ടുമട , ഇരതോട് വാർഡുകളിലും കടപ്ര പഞ്ചായത്തിലെ തേവേരി വാർഡിലുമാണ് ഏറ്റവും കൂടുതൽ രോഗികളെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തും ആരോഗ്യ വകുപ്പുംചേർന്ന് നടത്തിയ പ്രാഥമിക സർവ്വേ പ്രകാരം നിരണം പഞ്ചായത്തിലും കടപ്ര പഞ്ചായത്തിലും നൂറിലേറെയാണ് കാൻസർ രോഗികളുടെ എണ്ണം. സർവേയുടെ അന്തിമ ഫലം വരുമ്പോൾ രോഗികളുടെ എണ്ണം വർധിച്ചേക്കാം എന്നപേടിയിലാണ് ഈ പഞ്ചായത്തുകൾ. ഇരു പഞ്ചായത്തുകളിലും ഏറെയും കണ്ടെത്തയിരിക്കുന്നത് സ്തനാർബുദവും ഗർഭാശയ കാൻസറുമാണ്. രോഗികൾ ഏറെയും സ്ത്രീകൾ ആണ് എന്നതും ഞെട്ടിപ്പിക്കുന്ന വിവരമാണ്. അപ്പർ കുട്ടനാട് പ്രദേശം ആയതിനാൽ തന്നെ ഇരു പഞ്ചായത്തുകളുടെയും മൂന്നിൽ രണ്ടും കൃഷിസ്ഥലം ആണ്. നെല്ലും വാഴയുമാണ് ഇവിടെ സാധാരണയായി കൃഷി ചെയ്തു വരുന്നത്.

അമിതമായി രാസവളങ്ങളും കീടനാശിനികളും ഇവിടെ പാടങ്ങളിൽ പ്രയോഗിച്ചിരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഇത് കാൻസർ പടരാൻ കാരണമായി എന്നൊരു കണ്ടെത്തലുണ്ട്. പൊതുവെ ശുദ്ധ ജലത്തിന് ഏറെ ബുദ്ധമുട്ടു അനുഭവപ്പെടുന്ന പ്രദേശമാണവിടം. എവിടെയും വെള്ളക്കെട്ടുകൾ മാത്രം. കുടിവെള്ളത്തിന് പകരം ചെളി കലങ്ങിയ നിലയിലാണ് വെള്ളം. കിണറുകൾ മിക്കതും ഉപയോഗശൂന്യവും ആണ് . ഇവിടത്തെ മണ്ണിലും വെള്ളത്തിലും കീടനാശിനികളുടെ അംശം വലിയൊരളവിൽ തങ്ങി നിൽക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരാണ് നിരണം പഞ്ചായത്തിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന കാൻസർ ബാധ കണ്ടെത്തിയത്. തുടർന്ന് സംശയമുള്ള രോഗികളെ വിദഗ്ദ്ധ പരിശോധനയ്ക്കായി മറ്റു ആശുപത്രികളിലേക്ക് അയച്ചു രോഗം സ്ഥിരീകരിക്കുകയായിരുന്നെന്നു പഞ്ചായത്തു പ്രസിഡന്റ് ലതാ പ്രസാദ് പറഞ്ഞു.

സംഭവത്തിന്റെ ഗൗരവാവസ്ഥ മുൻനിർത്തി സ്ഥലം എം.എൽ.എയും ജില്ലാ കളക്ടറേയും വിവരങ്ങൾ ധരിപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യ സർവ്വേക്ക് തുടക്കമിട്ടത്.രോഗികളുടെ തുടർ ചികിത്സക്ക് മതിയായ ഫണ്ട് പഞ്ചായത്തിനില്ല. വിശദമായ സർവ്വേ അടക്കം പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ പഞ്ചായത്തിനോട് നിർദേശിച്ചിട്ടുണ്ടെന്നും രോഗികൾക്കു തുടർ ചികിത്സക്ക് വേണ്ട സഹായം നൽകുമെന്നും പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു. കാൻസർ ബാധിതരെന്നു കണ്ടെത്തിയ രോഗികളുടെ തുടർ ചികിത്സ വളരെ കഷ്ടത്തിലാണ്. തുടർ ചികിത്സക്കു വേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താനായ കുഴങ്ങുകയാണ് രോഗികളിൽ പലരും. നിരവധി തവണ കീമോക്കും റേഡിയേഷനും വിധേയരായവരാണ് ഇവിടെയുള്ളവർ.

ചിലവേറിയ തുടർ ചികിത്സ താങ്ങാനാകാതെ പലരും ചികിത്സ പാതി വഴി നിർത്തിയ അവസ്ഥയിലാണ്. ഇവരുടെ ചികിത്സ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലും തിരുവല്ല, കൊച്ചി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ്. കാരുണ്യ പദ്ധതി വഴി ലഭിക്കുമെന്നു കരുതിയ ചികിത്സാ സഹായവും അവതാളത്തിലായതോടെ ഇനി എന്ത് ചെയുമെന്നറിയാതെ കുഴുങ്ങുകയാണ് രോഗികൾ. കടപ്രയിലാകട്ടെ കാൻസർ ബാധിതരോഗികളുടെ എണ്ണം വർധിക്കുന്നു എന്ന പ്രചാരങ്ങളെ തള്ളിയിരിക്കുകയാണ് കടപ്ര പഞ്ചായത്തു പ്രസിഡന്റ് ഷിബു വർഗീസ്. തങ്ങൾ സർവ്വേ നടത്തിയതായും എന്നാൽരോഗികളുടെ എണ്ണം ഭയാനകമായ രീതിയിൽ കൂടുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഷിബു വർഗീസ് പറയുന്നു. എങ്കിലും കടപ്രയിലെ തേവേരി വാർഡിൽ മാത്രം കാൻസർരോഗികളുടെ എണ്ണം നൂറു കവിഞ്ഞിരിക്കുന്നു. ഭീതി കാരണം വിശദമായ പരിശോധനകൾക്കു വിധേയരാക്കാൻ മടിക്കുന്നവരും നിരവധി രോഗികളുടെ തുടർ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം പഞ്ചായത്തുകളിൽ കാൻസർരോഗികളുടെ എണ്ണം വ്യാപകമാകുന്നു എന്ന ജനങ്ങളുടെ ഭീതിയും അകറ്റേണ്ടതുണ്ടെന്നു സ്ഥലം എം.എൽ.എ മാത്യു ടി. തോമസ് പറഞ്ഞു. അടുത്ത ആഴ്ച ആദ്യം തന്നെ ജില്ലയിലെ കളക്ടർ അടക്കം ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്തു പ്രതിനിധികളുടെയുംയോഗം വിളിച്ചുചേർത്തു അന്തിമ സർവ്വേ റിപ്പോർട്ട് ചർച്ച ചെയ്യും. ഇനി രോഗികൾക്ക് വേണ്ടിയും രോഗം പകരുന്ന അവസ്ഥയുണ്ടെങ്കിൽ അതു നിയന്ത്രണ വിധേയമാക്കുന്നതിനും വേണ്ട നടപടികൾ യോഗം ചർച്ച ചെയ്യും. ഇപ്പോൾ തന്നെ ഈ പഞ്ചായത്തുകളിൽ എല്ലാവർക്കുംരോഗം പകരുന്നു എന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്.

തികച്ചും അടിസ്ഥാന രഹിതമാണ് ഇത്തരം പ്രചരണങ്ങൾ. സർവേയുടെ ഫലം വിശകലനം ചെയ്തു മാത്രമേ എന്തെങ്കിലും ഒരു തീരുമാനത്തിൽ എത്താൻ സാധിക്കൂ എന്നും മാത്യു ടി. തോമസ് പറഞ്ഞു. രണ്ടു തവണ പ്രളയം ഉണ്ടായപ്പോഴും കിഴക്കൻമേഖലകളിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം വന്നടിഞ്ഞത് പത്തനംതിട്ടയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ്. അതുണ്ടാക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാതം ഗുരുതരമാണ്. ഇതെല്ലം ഇവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന് വേണം കരുതാണെന്നും പ്രതിവിധി എന്താണെന്നു സർക്കാർ കണ്ടെത്തുമെന്നും മാത്യു ടിതോമസ് വ്യക്തമാക്കി