മുംബയ്: മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടിന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, ഭൂരിപക്ഷം ഇല്ലെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവച്ചതിനു പിന്നാലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ത്രകക്ഷി സഖ്യം തിരഞ്ഞെടുത്തു. ഇതോടെ ഫട്നാവിസിന്റെ വിശ്വാസ വോട്ടെടുപ്പിന് പ്രസക്തി ഇല്ലാതായി.
ഡിസംബർ 1ന് ശിവാജി പാർക്കിൽ ഉദ്ധവ് താക്കറെ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാവും ഉദ്ധവ്. കോൺഗ്രസ്, എൻ. സി. പി, ശിവസേന കക്ഷികൾ ഉൾപ്പെടുന്ന ത്രികക്ഷി സഖ്യത്തിന് 'മഹാരാഷ്‌ട്ര വികാസ് അഘാഡി' എന്ന് പേരിടാനും തീരുമാനിച്ചു. ഉദ്ധവ് താക്കറെ ഇന്നലെ രാത്രി തന്നെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. 288 അംഗ സഭയിൽ 162 പേരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്.
അതിനിടെ, സുപ്രീംകോടതി ഉത്തരവ് പ്രകാരം നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ എട്ട് മണിക്ക് വിളിച്ചു കൂട്ടാൻ ഗവർണർ തീരുമാനിച്ചു. ബി.ജെ.പി അംഗം കാളിദാസ് കൊലാംബ്‌കറാണ് പ്രോട്ടെം സ്‌പീക്കർ. എം. എൽ. എമാരുടെ സത്യപ്രതിജ്ഞ പ്രോട്ടെം സ്‌പീക്കർ മുമ്പാകെ നടക്കും.
ആദ്യം അജിത് പവാർ
ത്രികക്ഷി സഖ്യത്തിന്റെ ഹർജിയിൽ, ഫട്നാവിസ് സർക്കാർ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കുതിരക്കച്ചവടം തടയാൻ എത്രയും വേഗം വിശ്വാസവോട്ട് വേണമെന്ന് സുപ്രീം കോടതി.
ഉച്ചതിരിഞ്ഞ് അജിത് പവാർ രാജി വച്ചു.
മൂന്നരയോടെ ഫട്‌നാവിസ് വാർത്താ മ്മേളനത്തിൽ രാജി പ്രഖ്യാപിച്ചു.
രാജ്ഭവനിലെത്തി ഗവർണർ ഭഗത്‌സിംഗ് കോഷിയാരിക്ക് രാജിക്കത്ത് കൈമാറി.
സത്യപ്രതിജ്ഞ ചെയ്‌ത് നാലാം ദിവസമാണ് രാജി
ഫഡ്‌നാവിസ് ചുമതലയേറ്റെങ്കിലും അജിത് പവാർ ചുമതലയേറ്റിരുന്നില്ല.
അജിത് പവാറിനെ എൻ. സി. പിയിലേക്ക് തിരിച്ചു കൊണ്ടു വരാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രാജി.
മോദി - ഷാ നിർദ്ദേശം
രാവിലെ പത്തരയോടെ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹിയിൽ ചർച്ച.
വിശ്വാസ വോട്ട് നേരിടണോ, രാജിയോ എന്ന് ആലോചന
ഒടുവിൽ രാജിക്ക് തീരുമാനം, ഫട്നാവിസിന് നിർദ്ദേശം
പാതിരാ നാടകത്തിന് തിരശ്ശീല
ശിവസേന – എൻ.സി.പി – കോൺഗ്രസ് സഖ്യത്തിന്റെ സർക്കാർ രൂപീകരണം അന്തിമ ഘട്ടത്തിൽ നിൽക്കെ, കഴിഞ്ഞ വെള്ളിയാഴ്ച പാതിര മുതൽ അരങ്ങേറിയ രാഷ്‌ട്രീയക്കളികളിൽ ശനിയാഴ്ച പുലർച്ചെയാണ് ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണ മുഖ്യമന്ത്രിയായത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു.
തലേന്നു വരെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ ത്രികക്ഷി സഖ്യത്തെ ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം അമ്പരപ്പിച്ചു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ബി. ജെ. പിക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ കോൺഗ്രസിന്റെയും എൻ. സി. പിയുടെയും എം.എൽ.എമാരെ ചാക്കിടാനുള്ള ശ്രമങ്ങൾ തകൃതിയായിരുന്നു. എന്നാൽ എം. എൽ. എമാർ കൈവിട്ടു പോകാതിരിക്കാൻ മറുപക്ഷം അതീവ ജാഗ്രതയിലായിരുന്നു. ഒടുവിൽ ഇന്ന് തന്നെ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായതോടെ നിൽക്കക്കള്ളിയില്ലാതെ ഫഡ്നാവിസും ബി.ജെ.പിയും തോൽവി സമ്മതിക്കുകയായിരുന്നു.
''എൻ.സി.പിയുടെ 54 എം.എൽ.എമാരുടെയും പിന്തുണക്കത്തുകൾ അജിത് പവാർ തന്നതിനാലാണ് സർക്കാരുണ്ടാക്കാൻ ബി. ജെ. പി അവകാശവാദം ഉന്നയിച്ചത്. ഇന്ന് രാവിലെ എന്നെ കണ്ട അദ്ദേഹം, ബി. ജെ. പി സഖ്യത്തിൽ തുടരാനാവില്ലെന്ന് അറിയിച്ച ശേഷം രാജിവയ്‌ക്കുകയായിരുന്നു. അതോടെ ഞങ്ങൾക്ക് ഭൂരിപക്ഷം ഇല്ലാതായി. ഞാൻ രാജി സമർപ്പിക്കുകയാണ്. ഭൂരിപക്ഷത്തിന് ഞങ്ങൾ കുതിരക്കച്ചവടം നടത്തില്ല. പുതിയ സർക്കാരിന് ആശംസകൾ. പക്ഷേ ആ സർക്കാർ അൽപ്പായുസായിരിക്കും.''
--ദേവേന്ദ്ര ഫട്‌നാവിസ് രാജി പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ
കോടതിയുടെ നിർദ്ദേശങ്ങൾ
വിശ്വാസവോട്ട് വൈകിയാൽ കുതിരക്കച്ചവടത്തിന് സാദ്ധ്യത
ഗവർണറുടെ മുന്നിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്
പ്രൊട്ടെം സ്പീക്കറെ ഉടൻ നിയമിക്കണം.
വിശ്വാസവോട്ടെടുപ്പ് മാത്രമായിരിക്കണം അജൻഡ
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് എം. എൽ. എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കണം
അഞ്ച് മണിക്ക് ശേഷം വിശ്വാസവോട്ടെടുപ്പിലേക്ക് പ്രോട്ടെം സ്പീക്കർ കടക്കണം
രഹസ്യ ബാലറ്റ് പാടില്ല, ഓപ്പൺ ബാലറ്റ് ഉപയോഗിക്കണം
നടപടികൾ വീഡിയോ റെക്കാർഡ് ചെയ്യണം, ലൈവ് സംപ്രേഷണം നടത്തണം
'' ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്വമുണ്ട്. ഇത്തരം സാഹചര്യത്തിൽ അടിയന്തര വിശ്വാസവോട്ടാണ് ഏറ്റവും ഫലപ്രദം''
--സുപ്രീംകോടതി