നടൻ ഷെയ്‌ൻ നിഗമും വെയിൽ സിനിമയുടെ അണിയറ പ്രവർത്തകരുടെ തമ്മിലുള്ള തർക്കം അന്തമായി നീളുകയാണ്. ഷൂട്ടിംഗിനിടയിൽ ഷെയ്‌ൻ മുടി മുറിച്ചതിൽ തുടങ്ങിയതായിരുന്നു തർക്കം. ഇപ്പോഴിതാ കരാർലംഘനത്തിന്റെ പേരിൽ വിലക്കുകളുടെ വിവാദങ്ങൾ വിടാതെ പിന്തുടരുമ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്‌ൻന്റെ ഉമ്മ സുനില. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരകുടുംബം നിലപാട് വ്യക്തമാക്കിയത്.
'ഷെയ്നിനെ കുറ്റം പറയുന്നവർ എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാത്തത്. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാർത്തകളിൽ ഒരിടത്തും വീട്ടുകാർക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ... ആരും, ഒരു കോണിൽനിന്നും ചോദിച്ചില്ല. വെയിലിന്റെ സംവിധായകൻ ശരത് ഒരു ദിവസം രാവിലെ ഒൻപതിന് എന്നെ വിളിച്ചു പറയുകയാണ് ഷെയ്ൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാൻ അപ്പോൾ തന്നെ മകനെ വിളിച്ചു. അപ്പോഴാണ് അവൻ പറയുന്നത്, രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു ഇപ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാണ് ഫോൺ എടുത്തതെന്ന്. ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്ന്. ഞാൻ ഇത് ശരത്തിനോടു പറഞ്ഞ് അൽപം വാക്കുതർക്കം ഉണ്ടായി.
ഷെയ്ൻ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോട് നിങ്ങൾ ചോദിക്കണം ഇതുപോലെ എന്തെങ്കിലും ഒരു സംഭവം അവന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന്. ഇഷ്ഖിന്റെ പ്രവർത്തകർ പറല്ലോ ഞങ്ങളോടൊന്നും ഇങ്ങനെയില്ല എന്ന്. ഇനി അഭിനയിക്കേണ്ട ഖുർബാനി സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ വേണമെങ്കിലും ആരംഭിക്കാൻ അവർ തയാറാണ്. ഇടവേള വന്നില്ലേ ഇപ്പോൾ. ആ സമയത്ത് ചെയ്യാമെന്നാണ് അവർ പറയുന്നത്.
ആ സിനിമയിലെ ഒരു സംഭവം പറയാം. ആ ചിത്രത്തിൽ ചാരുഹാസൻ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തെ അത്രമാത്രം വലുതായിട്ടാണ് അവർ ഓരോരുത്തരും കാണുന്നത്. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം ഷെയ്നിനും കൂട്ടുകാർക്കും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി. ചാരുഹാസൻ സാറിന് അന്നേ ദിവസം തിരികെ പോകുകയും വേണമായിരുന്നു. അതുകൊണ്ട് മരുന്നു കഴിച്ചിട്ട് അഭിനയിക്കാമോ എന്ന് പ്രൊഡ്യൂസർ ഇവനോടു ചോദിച്ചു. ഷെയ്ൻ തയാറായിരുന്നു. പക്ഷേ മുഖത്തൊക്കെ നല്ല ക്ഷീണം ഉണ്ടായിരുന്നു.
അന്നേരം ചാരുഹാസൻ സർ പറഞ്ഞത് ഒരു ആർടിസ്റ്റിന്റെ മുഖത്താണ് എക്സ്പ്രഷൻ വരേണ്ടതെന്നാണ്. ഈ ക്ഷീണിച്ച മുഖത്ത് അത് എങ്ങനെ വരാനാണ്. അതിനു സാധിക്കില്ല. എനിക്ക് ആയുസ്സ് ഉണ്ടെങ്കിൽ ഞാൻ മടങ്ങിവന്ന് ഈ സിനിമയിൽ അഭിനയിക്കും എന്നദ്ദേഹം പറഞ്ഞു. അതാണ് ശരി. ഒരു ആർടിസ്റ്റിന്റെ മുഖത്ത് ഭാവം വരണം. പക്ഷേ ആർടിസ്റ്റിന് സ്‌പേസ് കൊടുക്കാത്ത, അവരെ പ്രകോപിപ്പിക്കുന്ന ഒരു ടീമിനൊപ്പം എങ്ങനെയാണ് മുഖത്ത് എക്സ്പ്രഷൻ വരുത്തേണ്ടത്. അതാണ് ഇവിടെ സംഭവിച്ചത്. ഇവർ എന്തിനാണ് ഓരോ പ്രശ്നം ഉണ്ടാക്കുന്നതെന്നു മനസ്സിലാകുന്നില്ല. അവനെ പ്രകോപിപ്പിച്ച് ഓരോന്നു പറയിച്ചിട്ട് അവർ തന്നെ പറയുന്നു സിനിമ മുടക്കുന്നു എന്ന്. ദൈവം സഹായിച്ച് ആ സിനിമ വരികയാണെങ്കിൽ നിങ്ങൾക്കു മനസ്സിലാകും ഷെയ്ൻ എന്തുമാത്രം ശ്രമം ആ സിനിമയിൽ നടത്തിയിട്ടുണ്ട് എന്ന്.
അന്നൊരു പ്രശ്നമുണ്ടായി, അത് പിന്നീട് ഫെഫ്ക ഇടപെട്ടു ചർച്ച നടത്തി പരിഹരിച്ചു. 15 ദിവസമാണ് ഷൂട്ടിങ് പറഞ്ഞത്. അത് പിന്നീടു മാറ്റി 24 ദിവസം വേണം എന്നു സിനിമാ ടീം പറപ്പോൾ അതു പറ്റില്ല എന്ന് ഞങ്ങൾ പറഞ്ഞു. അത് വാസ്തവമാണ്. അവർ തന്നെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് അവർ അതെല്ലാം ഷെയ്നിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്.
'ചേട്ടൻ പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന്' ശരത്തിനോട് ഷെയ്ൻ പറഞ്ഞിരുന്നുവത്രേ. പരസ്പര ബന്ധമില്ലാത്ത വാക്കുകൾ പറഞ്ഞു ഷെയ്ൻ എന്നൊക്കെയാണ് ആരോപണം. അവൻ 22 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ്. നല്ല വിഷമത്തിൽ സംസാരിക്കുമ്പോൾ നമ്മൾ പറയാൻ ഉദ്ദേശിച്ച വാക്കുകൾ ആയിരിക്കില്ല വരിക. അതാണ് ഇവിടെയും സംഭവിച്ചത്. ചേട്ടൻ സത്യത്തെ കണ്ടില്ലെന്നു നടിച്ച് അതിനെ നശിപ്പിക്കുകയാണ് എന്നാണ് അവൻ ഉദ്ദേശിച്ചത്. പ്രകൃതിയാണ് സത്യം എന്നൊക്കെയാണ് മനസ്സിൽ കരുതിയത്. പക്ഷേ പറഞ്ഞു വന്നപ്പോൾ അങ്ങനെയായി. പുതിയ വാർത്ത അവൻ തലമുടി വെട്ടിയത് വെല്ലുവിളിയായിട്ടാണ് എന്നാണ്. അങ്ങനെയൊന്നും മനസിൽ വിചാരിച്ചിട്ടില്ല. എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്ന് എനിക്ക് അറിയില്ല.
കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് ഷെയ്ൻ എന്നാണ് ഒരു കൂട്ടർ പറയുന്നത്. അവൻ കഞ്ചാവു വലിക്കുന്നുവെങ്കിൽ അത് ആദ്യം തിരിച്ചറിയേണ്ടതും അതിൽ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാൻ തന്നെയല്ലേ. അമ്മ എന്ന നിലയിൽ എനിക്കല്ലേ ബാധ്യത. പക്ഷേ ആ ആരോപണം തീർത്തും തെറ്റാണ് എന്നെനിക്ക് അറിയാം. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല. ഷെയ്ൻ അവന്റെ കരിയർ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പറച്ചിൽ. അവൻ എന്തിനാണ് സ്വന്തം കരിയർ ഇല്ലാതെയാക്കുന്നത്.
ഓരോ പ്രശ്നവും സൃഷ്ടിച്ച് ഏകപക്ഷീയമായി സംസാരിച്ച് പ്രകോപിപ്പിച്ചിട്ട് പറയുന്നു, അവൻ സ്വന്തം കരിയർ നശിപ്പിക്കുന്നു എന്ന്. എന്താണ് സത്യാവസ്ഥ എന്ന് അറിയാൻ സിനിമയിൽ ഉളളവരോ ഇത്തരം വാർത്തകൾ പടച്ചു വിടുന്നവരോ ശ്രമിച്ചിട്ടില്ല. ഇത്രയും നാൾ അവൻ അഭിനയിച്ച സംവിധായകരുമായി നിങ്ങളൊന്നു സംസാരിക്കണം. അപ്പോൾ അറിയാം ആരാണ് ഷെയ്ൻ എന്ന്, അവൻ എങ്ങനെയായിരുന്നു സെറ്റിൽ പെരുമാറിയത് എന്ന്.
അവനെ സിനിമയിൽനിന്നു വിലക്കും, കർശന നടപടി വരും എന്നൊക്കെ പറയുന്നു. പക്ഷേ അവൻ എന്തു ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. അങ്ങനെയൊരു നടപടി വരുമെങ്കിൽ അതിനു മുൻപ് വീട്ടുകാരിൽ നിന്നും അഭിപ്രായം തേടാൻ അവർ ശ്രമിക്കും എന്നു ഞാൻ കരുതുന്നു. മാധ്യമങ്ങളിൽ ഷെയ്നിന് എതിരായി വരുന്ന വാർത്തകളിൽ ഒരു തരി പോലും സത്യമില്ല. അതുകൊണ്ട് അതെന്നെ ഭയപ്പെടുത്തുന്നില്ല. പക്ഷേ നല്ല വിഷമമുണ്ട്.'–സുനില പറഞ്ഞു.