പനാജി : ഒരു കാലഘട്ടത്തിലെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകളെ ഇന്നത്തെ കാലത്തേക്ക് മനോഹരമായി പരിവർത്തനം ചെയ്യുകയാണ് കോളാമ്പി എന്ന ചിത്രത്തിലൂടെ ടി.കെ.രാജീവ്കുമാർ. അതുകൊണ്ട് തന്നെ ഇന്ത്യൻ പനോരമയിൽ ഇന്നലെ രാജീവിന്റെ ദിനമായിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്.
ഒരിടവേളയ്ക്കു ശേഷം സിനിമയിലേക്കുളള രാജീവിന്റെ മടങ്ങിവരവ് ശക്തമാണെന്ന് കോളാമ്പി തെളിയിക്കുന്നു. ജവഹർ സൗണ്ട്സ് എന്ന പേരിൽ ഉച്ചഭാഷിണി വാടകയ്കു നൽകി വന്നിരുന്ന ദമ്പതികൾ ഉച്ചഭാഷിണിയുടെ നിരോധനത്തെത്തുടർന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതിലൂടെ നമ്മുടെ ചുറ്റിനുമുളള ലോകത്തേക്ക് കണ്ണോടിക്കുകയാണ് തന്റെ പുതിയ ചിത്രത്തിലൂടെ രാജീവ് ചെയ്യുന്നത്. പ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റായ അരുന്ധതി (നിത്യാമേനോൻ) കൊച്ചിയിൽ വരുന്നതും ഇൗ ദമ്പതികളെ കണ്ടുമുട്ടുന്നതുമാണ് കഥയിലെ വഴിത്തിരിവാകുന്നത്.
കോളാമ്പി പോയെങ്കിലും കൊച്ചിയിൽ പാട്ടുകാപ്പിക്കട നടത്തുകയാണ് ദമ്പതികൾ. അവിടെ ചെല്ലുന്ന ആർക്കും പഴയ എൽ.പി റെക്കോർഡിലൂടെ ഇഷ്ടമുളള പാട്ടുകേൾക്കാം. ഒപ്പം ഒരു കാപ്പിയും കുടിക്കാം. പണം ചോദിച്ചു വാങ്ങില്ല. ഇഷ്ടമുളളത് അവിടെ വച്ചിട്ടുളള പെട്ടിയിലിടാം. പഴയ പാട്ടു മാത്രമല്ല പല നേതാക്കളുടേയും പ്രസംഗങ്ങളുടെ ശേഖരവും അവരുടെ കൈയിലുണ്ട്, അരുന്ധതിയും ഇവരുമായിട്ടുളള ആശയ സംവാദത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. ദമ്പതികളായി രംഗത്തു വരുന്ന രൺജി പണിക്കരും രോഹിണിയും മത്സരിച്ച് അഭിനയിക്കുകയാണ്. ഒപ്പം നിർമ്മാതാവായ സുരേഷ്കുമാർ,ബൈജു എന്നിവരും തിളങ്ങുന്നു. സുരേഷ് കുമാറിന്റെ ചുരുങ്ങിയ കാലത്തെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പെർഫോമൻസാണ് കോളാമ്പിയിലേത്. രവിവർമ്മനാണ് ഛായാഗ്രഹണം. റസൂൽപൂക്കുട്ടിയാണ് ശബ്ദ സന്നിവേശം . രാജീവ്കുമാറും ഡോ.കെ.എം.വേണുഗോപാലും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.
മേളയ്ക്ക് നാളെ സമാപനം
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം എഡിഷന് നാളെ തിരശീല വീഴും. ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുളള സുവർണമയൂരം അടക്കമുളള പുരസ്കാരങ്ങൾ നാളെ വൈകിട്ട് പ്രഖ്യാപിക്കും. മൊഹ്സിൻ മക്മൽ ബഫ് സംവിധാനം ചെയ്ത മാഗി ആൻഡ് ഹെർ മദറാണ് സമാപന ചിത്രം. അമ്പതാം വാർഷികം പ്രമാണിച്ച് ഇക്കുറി ഹ്രസ്വചലച്ചിത്ര വിഭാഗത്തിൽ മത്സരം സംഘടിപ്പിച്ചിരുന്നു. അതിന്റെ ഫല പ്രഖ്യാപനം 29 ന് നടക്കും.
വാണിജ്യ സിനിമ കൈയടക്കിയ മേള
ജവഹർലാൽ നെഹ്റു തുടങ്ങിവച്ച ചലച്ചിത്രോത്സവം അമ്പതാം എഡിഷനിലെത്തിയപ്പോൾ വാണിജ്യസിനിമാ രംഗത്തിന്റെ പൂർണമായ മേൽക്കോയ്മയാണ് പ്രകടമായത്. ഇൗ ഫെസ്റ്റിവൽ ഇന്നത്തെ നിലയിൽ എത്തിക്കാൻ പാടുപെട്ട ഇന്ത്യൻ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ ശില്പികളെ പരിപൂർണമായും മാറ്റിനിറുത്തിയ ചലച്ചിത്രോത്സവത്തിനു കൂടിയാണ് നാളെ കൊടിയിറങ്ങുന്നത്. ഉദ്ഘാടന ചടങ്ങിലേക്കോ സമാപന ചടങ്ങിലേക്കോ അവരെ ആരെയും അടുപ്പിച്ചില്ല. അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ , ബുദ്ധദേവ് ദാസ്ഗുപ്ത തുടങ്ങി ഇന്ത്യൻ സിനിമയുടെ മുഖങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ആരേയും ക്ഷണിച്ചതേയില്ല.ഫെസ്റ്റിവലിന്റെ സാരഥ്യം പൂർണമായും വാണിജ്യസിനിമകളുടെ വക്താക്കളുടെ കൈകളിലായിരുന്നു. ഇതേക്കുറിച്ചുളള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സംഘാടകർക്ക് കഴിഞ്ഞതുമില്ല.