conan

വാഷിംഗ്ടൺ: അമേരിക്കയുടെ വീര'നായ'കൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിക്കാനെത്തി. ഇസ്ലാമിക് സ്റ്റേറ്റ് തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്‍ദാദിയെ വധിക്കാൻ സഹായിച്ച ബെൽജിയൻ മാലിനോയിസ് വിഭാഗത്തിൽപ്പെട്ട കോനൻ എന്ന വേട്ടനായയാണ് തിങ്കളാഴ്ച ട്രംപിനെ സന്ദർശിക്കാനെത്തിയത്. കോനനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ട്രംപ് അവാർഡും സർട്ടിഫിക്കറ്റും നൽകി.

ഇതാ ലോകത്തിലെ ഏറ്റവും പ്രശസ്‍തനും സമർത്ഥനുമായ നായ എന്ന് പറഞ്ഞാണ് ട്രംപ് കോനനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ,​ കോനനെ ദത്തെടുക്കുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞില്ല.

ബാഗ്‍ദാദി കൊല്ലപ്പെട്ട ശേഷം അമേരിക്കയിൽ വീരപരിവേഷമാണ് കോനന്. എന്തും മണത്ത് കണ്ടുപിടിക്കാൻ മികച്ച കഴിവുള്ള ഈ നായ്ക്കളെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സിറിയയിൽ ടണലിൽ ഒളിച്ചുകഴിഞ്ഞിരുന്ന ബാഗ്‍ദാദിയെ വേട്ടനായ്ക്കളെ ഉപയോഗിച്ചാണ് അമേരിക്കൻ സൈന്യം കണ്ടെത്തിയത്.

ബാഗ്‍ദാദിക്കെതിരായ സൈനിക നീക്കത്തിൽ പങ്കെടുത്ത സൈനിക ഓഫീസർമാരെയും ട്രംപ് കണ്ടുവെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. എന്നാൽ,​ ആരെയൊക്കെയാണ് കണ്ടതെന്ന് വെളിപ്പെടുത്താനാവില്ലെന്നും മൈക്ക് പെൻസ് വ്യക്തമാക്കി.