ന്യൂഡൽഹി: വിഖ്യാത കാർട്ടൂണിസ്റ്റ് സുധീർ ധർ ഹൃദയാഘാതം മൂലം അന്തരിച്ചു. 87 വയസായിരുന്നു. അലഹബാദിൽ ജനിച്ച സുധീർ ആൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 1961 ൽ 'ദ സ്റ്റേറ്റ്സ്‌മാൻ' പത്രത്തിൽ കാർട്ടൂണിസ്റ്റായി ചേർന്നു. റേഡിയോയിൽ ഒരു അഭിമുഖം നടക്കുന്നതിനിടെ പേപ്പറിൽ സുധീർ വെറുതേ കോറിയിട്ട ചിത്രം കണ്ട സ്റ്റേറ്റ്സ്‌മാന്റെ ന്യൂസ് എഡിറ്ററാണ് അദ്ദേഹത്തിന് ജോലി നൽകിയത്. തുടർന്ന്, 'ഹിന്ദുസ്ഥാൻ ടൈംസി'ലെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായി.
'ദിസ് ഈസ് ഇറ്റ്' എന്ന പേരിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒന്നാംപേജിൽ വന്നിരുന്ന അദ്ദേഹത്തിന്റെ പോക്കറ്റ് കാർട്ടൂണുകൾ ശ്രദ്ധേയമായിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, സാറ്റർഡേ റിവ്യൂ, മാഡ് മാഗസിൻ എന്നിവയിലും സുധീർ ധറിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ദ ടേസ്റ്റി ഇന്ത്യൻ നട്ട്' എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.