ശ്രീനാരായണഗുരുദേവന്റെ ഉപദേശങ്ങളെല്ലാം ദേശകാലാതിവർത്തിയാണ്. ഓരോ സൂക്തങ്ങളും തുല്യപ്രാധാന്യമിയന്നവയാണ്. എന്നാൽ ശ്രവണസ്മരണമാത്രയിൽ തന്നെ ഗുരുസ്മരണ ഉണർത്തുന്ന വിശ്വസൂക്തമാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്നത്. മഹാഗുരു ഈ വിശ്വസൂക്തം വരദാനമായി നല്കിയതിന്റെ ശതാബ്ദിവർഷമാണ് 2020.
1920 ൽ ജന്മദിനസന്ദേശമായി രചിച്ച ജാതിനിർണയം എന്ന കൃതിയിലൂടെയാണ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഈ മഹാമന്ത്രം പ്രകാശിതമായത്. ഇതോടൊപ്പം മറ്റൊരു മഹാസന്ദേശവും തൃപ്പാദങ്ങൾ നല്കുകയുണ്ടായി. 'മദ്യം വിഷമാണ് അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്." അരുത് എന്ന് മൂന്നു പ്രാവശ്യം ആവർത്തിച്ച് വിലക്കുന്ന ഈ ഉപദേശത്തിന് കുറേക്കൂടി മിഴിവും ആശയവ്യാപ്തിയും നല്കുന്നതിനു വേണ്ടി അനുബന്ധമായി ഒരു വാക്യം കൂടി ചേർത്തിരുന്നു.
'ചെത്തുകാരന്റെ ദേഹം നാറും. തുണി നാറും. വീടു നാറും. അവൻ തൊട്ടതെല്ലാം നാറും."സഹോദരൻ കെ. അയ്യപ്പന്റെ സഹോദരൻ മാസിക 1096 ചിങ്ങം ലക്കത്തിലാണ് തൃപ്പാദങ്ങൾ ഈ രണ്ടു സന്ദേശങ്ങളും പ്രകാശനം ചെയ്തത്. സഹോദരന്റെ കന്നിലക്കത്തിൽ ജാതിലക്ഷണം എന്ന കൃതി സഹോദരന്റെ നോട്ടോടുകൂടി പ്രകാശനം ചെയ്തു. ജാതിനിർണയത്തിന്റെയും ജാതിലക്ഷണത്തിന്റെയും ശതാബ്ദി വർഷമാണ് 2020. ഗുരുദേവൻ ഇതൊരു സിദ്ധാന്തമായി ഉപദേശിച്ചു എന്നതിനപ്പുറത്ത് ഇതിന് പ്രായോഗികഭാഷ്യം നല്കി ജീവിതദർശനമാക്കിമാറ്റി. ഒരു ദർശനം ആവിഷ്കരിക്കുന്നതിലല്ല അത് പ്രായോഗികമാക്കുമ്പോഴാണല്ലോ അത് നിത്യഭാസുരമായിത്തീരുന്നത്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്നത് ചിലരെങ്കിലും ധരിച്ചിട്ടുള്ളതുപോലെ ഒരു മുദ്രാവാക്യമായി ഗുരുദേവൻ നല്കിയതല്ല. ജാതിനിർണയം എന്ന കൃതിയിലെ രണ്ടാംപദ്യത്തിലെ ആദ്യപാദമാണീ വിശ്വസൂക്തം. ആദ്യ പദ്യം സംസ്കൃതത്തിലും. ബാക്കി അഞ്ച് പദ്യം മലയാളത്തിലും. ഒരു പദ്യം സംസ്കൃതത്തിലായത് ജാതിഭേദചിന്തയെ സംസ്കൃതീകരിക്കപ്പെട്ടു കഴിയുന്ന ന്യായവാദികൾക്കുള്ള ഒരു താക്കീതായിട്ടു കൂടിയാകണം. ജാതിനിർണയം എന്ന കൃതിയിലൂടെ മനുഷ്യരെല്ലാം ഒരു ജാതി എന്നാണ് ഗുരുദേവൻ സമർത്ഥിക്കുന്നത്. തുടർന്ന് ജാതിലക്ഷണമെന്ന കൃതിയും ഗുരുദേവൻ രചിച്ചിട്ടുണ്ട്. നാലുതലത്തിൽ മനുഷ്യജാതി ഒന്നെന്ന് ഗുരു സ്ഥാപിച്ചുതരുന്നു.
1 താർക്കികമായി (2) ചരിത്രപരമായി (3) ജീവശാസ്ത്രപരമായി (4) വേദാന്തപരമായി. ജാതിനിർണയം ജാതിലക്ഷണം എന്നീ രണ്ടു കൃതികളിലൂടെയും വിജ്ഞന്മാർക്ക് തിരുവായ് മൊഴികളിലൂടെയും മനുഷ്യരാശി ഒരു ജാതിയെന്ന് തികച്ചും യുക്തിഭദ്രമായി അവതരിപ്പിക്കുന്നു.
ജാതിവ്യവസ്ഥ പോലെതന്നെ ചാതുർവർണ്യ വ്യവസ്ഥയും മനുഷ്യസഞ്ചയത്തെ അസ്വാതന്ത്ര്യത്തിലേക്കും അടിമത്വത്തിലേക്കും അന്ധകാരത്തിന്റെ ആഴങ്ങളിലേക്കും അധഃപതിപ്പിച്ച ഹീനവ്യവസ്ഥ തന്നെയാണ്. 'നമ്മെ ഒരവതാരമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ആ അവതാരം ജാതിവ്യത്യാസത്തെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണ് എന്നുകൂടി പറഞ്ഞേക്കണ' മെന്ന് ഗുരുദേവൻ മൊഴിഞ്ഞിട്ടുണ്ട്. ജാതിഭേദനിർമ്മാർജനമായിരുന്നു ശ്രീനാരായണാവതാരത്തിന്റെ ലക്ഷ്യം.
1920 ലാണ് ഗുരുദേവൻ വിശ്വസന്ദേശം മലയാളമൊഴിയിലൂടെ വെളിപ്പെടുത്തുന്നതെങ്കിലും 1888 ലെ അരുവിപ്പുറം സന്ദേശത്തിൽ ഈ ദർശനം നിറഞ്ഞിരിപ്പുണ്ട്. 1904ൽ വർക്കല ശിവഗിരിമഠം സ്ഥാപിക്കുമ്പോൾ തന്നെ ഈ വിശ്വസന്ദേശത്തിന്റെ ദേവഭാഷ പ്രകാശനം ചെയ്യപ്പെട്ടിരുന്നു.
ഏകജാതി ഭവത്യേക ദൈവമേകമതം
തസ്മാദഭോളവയവഃ വയം സർവേ സഹോദരാഃ (ഗുരുദേവകൃതികളിൽ ചേർക്കപ്പെട്ടിട്ടില്ല)
1913 ൽ ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിക്കുമ്പോൾ എഴുതിവച്ചിരുന്നു.
'ഓം തത് സത് ആലുവാ അദ്വൈതാശ്രമം "
ഈ മഠത്തിലെ അഭിപ്രായം മനുഷ്യർക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമല്ലാതെ ഓരോരുത്തർക്കും വെവ്വേറെ ജാതിയും മതവും ദൈവവും ഇല്ലെന്നാകുന്നു.
എന്നു അനുവാദപ്രകാരം ശ്രീനാരായണചൈതന്യം"
ശ്രീനാരായണചൈതന്യം മഹാഗുരുവിന്റെ സച്ചിഷ്യനും പിന്നീട് അവിടുത്തെ മുക്ത്യാർനാമാവായി തൃപ്പാദങ്ങളാൽ നിയോഗിക്കപ്പെട്ട സന്യാസിവര്യനുമാകുന്നു. ലോകമെമ്പാടുമുള്ള ആത്മീയ സ്ഥാപനങ്ങൾ ഗുരുവിന്റെ ഈ മാർഗരേഖ ഉൾക്കൊണ്ടാൽ അതിലൂടെ ഏകലോകവ്യവസ്ഥിതിയുടെ സാക്ഷാത്കാരം തന്നെ സംഭാവ്യമല്ലേ? 1916 ൽ ഗുരുദേവൻ നല്കിയ ഒരു വിളംബരം അവിടുന്ന് ആശ്രമങ്ങൾക്ക് നല്കുന്ന രൂപരേഖ കൂടിയാണ്. കൂടാതെ കൊല്ലത്ത് പട്ടത്താനത്തുവച്ചുള്ള ഗുരുദേവന്റെ ചെറുപ്രസംഗവും ഇതിന്റെ അനുബന്ധമാണ്. മഹാകവി കുമാരനാശാൻ, ടി.കെ. മാധവൻ, ചൈതന്യസ്വാമികൾ തുടങ്ങിയ ശിഷ്യപ്രമുഖരും അപ്പോൾ തൃപ്പാദങ്ങളോടൊപ്പമുണ്ടായിരുന്നു. പ്രസ്തുത വിളംബരവും പ്രസംഗവും ശ്രദ്ധിക്കേണ്ടതാണ്.
ദൈനംദിന ജീവിതവ്യവഹാരങ്ങളിലെ മുഖ്യവിഷയങ്ങളായ ജാതി, മതം, ദൈവം എന്നിവയിൽ ഭേദം കാണാതെ ഏകത്വബോധത്തിൽ ജീവിക്കാൻ ഗുരുദർശനം നമ്മെ ഉപദേശിക്കുന്നു. ചെമ്പഴന്തി മുതൽ ആലുവാ അദ്വൈതാശ്രമം വരെയും അതിനുശേഷം മഹാസമാധിപര്യന്തം ഗുരുദേവൻ ഭേദചിന്തകൾക്കതീതനായി എങ്ങനെ ജീവിക്കാമെന്ന് കാട്ടിത്തരുന്നു. ആ ജീവിതദർശനം ഒരു താത്ത്വികദർശനമായി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വസന്ദേശമായി, ഭഗവാൻ അവിടുത്തെ 64ാമത്തെ തിരുവയസിൽ ജന്മദിനസന്ദേശമായി, ലോകത്തിനു നല്കി.
മഹാഗുരു അരുത് അരുത് എന്ന് വിലക്കിയിട്ടുള്ളത് ജാതി , മദ്യം എന്നീ രണ്ടു വിഷയങ്ങളിലാണ്. ബുദ്ധിക്കു വിഭ്രമമുണ്ടാക്കുന്നതെല്ലാം മദ്യമെന്ന് ഗുരുദേവൻ ഉപദേശിക്കുന്നു. ഈ ആധുനിക കാലഘട്ടം ജാതി കൊണ്ടും മതം കൊണ്ടും മതത്തിന്റെ പേരിലുള്ള തീവ്രവാദപ്രവർത്തനങ്ങൾ കൊണ്ടും മതപരിവർത്തനപ്രവർത്തനങ്ങൾ കൊണ്ടും കലുഷിതമാണ്. ലഹരിക്കടിമപ്പെട്ട് പുതിയ തലമുറ നാശോന്മുഖമാകുന്നു. മഹാഗുരുവിന്റെ വിശ്വസന്ദേശത്തിന്റെ രചനാശതാബ്ദി ഒരു വർഷം നീണ്ടുനില്ക്കുന്നതാണ്. പര്യാപ്തമായ പരിപാടികളോടെ ലോകമെമ്പാടും ഗുരുദർശനം എത്തിക്കാൻ ശ്രീനാരായണപ്രസ്ഥാനം രചനാശതാബ്ദി കൊണ്ടാടേണ്ടതാണ്.