തിരുവനന്തപുരം: നഗരസഭയുടെ ആരോഗ്യവിഭാഗം മത്സ്യ മാർക്കറ്റുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഫോർമാലിൻ കലർന്ന 663 കിലോ മത്സ്യവും പഴകിയ 1122 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. ശ്രീകാര്യം, പാങ്ങോട്, കഴക്കൂട്ടം, കേശവദാസപുരം, പാപ്പനംകോട്, പാളയം, പേരൂർക്കട, മുക്കോല, ഉള്ളൂർ നീരാഴി മാർക്കറ്റ്, മണക്കാട്, കുത്തുകല്ലുംമൂട് എന്നീ മാർക്കറ്റുകളിൽ നിന്നാണ് മത്സ്യം പിടിച്ചെടുത്തത്. മൊത്ത വിതരണ കേന്ദ്രങ്ങളിലേക്ക് മത്സ്യവുമായെത്തിയ വാഹനങ്ങളിലും പരിശോധന നടത്തി ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു. 34 മാർക്കറ്റുകളിൽ ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്ത് കുമാർ, ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ 24 ഹെൽത്ത് ഇൻസ്‌പെക്ടർമാരും 40 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. സുരക്ഷിതമായ ഭക്ഷണം നഗരവാസികൾക്ക് ഉറപ്പുവരുത്തുന്നതിനായി പരിശോധന തുടരുമെന്നും അപാകത കണ്ടെത്തുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ മത്സ്യത്തിലാണ്‌ ഫോർമാലിന്റെ സാന്നിദ്ധ്യം പ്രധാനമായും കണ്ടെത്തിയത്. നഗരത്തിലേക്ക് മത്സ്യം എത്തിക്കുന്ന വാഹനങ്ങളിലും, മത്സ്യ മൊത്ത വിപണന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോ​ധ​ന ഉണ്ടായിരിക്കുമെന്നും മേയർ അറിയിച്ചു.