തൃശൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണിയുമായി വീണ്ടും വിഷസർപ്പങ്ങൾ. തൃശൂർ കോർപറേഷൻ പരിധിയിലുള്ള ഒളരിക്കര സ്‌കൂളിൽ നിന്നും ഉഗ്രവിഷമുള്ള അണലിയെ കണ്ടെടുത്തു. ഒളരിക്കര സർക്കാർ യു.പി സ്‌കൂളിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. സ്‌കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് പാമ്പിനെ കണ്ടെടുത്തത്. ഇവിടെ ആളപായം ഉണ്ടായിട്ടില്ല. അതേസമയം തൃശൂർ ചാലക്കുടിയിലുള്ള സ്‌കൂളിലെ വിദ്യാർത്ഥിക്കും പാമ്പുകടിയേറ്റിട്ടുണ്ട്. ചാലക്കുടി സി.എം.ഐ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജെറാൾഡിനെയാണ് സ്‌കൂളിലെ ഗ്രൗണ്ടിൽ വച്ച് വിഷനാഗം ദംശിച്ചത്. ഒമ്പതുവയസ് മാത്രം പ്രായമുള്ള ജെറാൾഡിനെ അങ്കമാലിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ കുട്ടിയുടെ അവസ്ഥ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിയുടെ രക്തപരിശോധനകൾ തുടരുകയാണ്.