fathima

കൊല്ലം: മദ്റാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് ചെന്നൈയിലെത്തും. അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം ഫാത്തിമയുടെ പിതാവ് ലത്തീഫും സഹോദരി അയിഷയും അടുത്ത ബന്ധുക്കളുമാണ് ചെന്നൈയിലെത്തുക.
കുടുംബം ചൂണ്ടിക്കാട്ടുന്ന നിർണായക തെളിവുകൾ അടങ്ങിയ ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബ്‌ലെറ്റും ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. മൊബൈൽ ഫോണിന്റെ ലോക്ക് തുറന്നാലേ പരിശോധന സാദ്ധ്യമാകൂവെന്ന് ഫോറൻസിക് വിഭാഗം അറിയിച്ചതിനെ തുടർന്ന് ചെന്നൈയിലെത്തണമെന്ന് അന്വേഷണസംഘം ഇന്നലെയാണ് ബന്ധുക്കൾക്ക് നോട്ടീസ് നൽകിയത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭനെന്ന അദ്ധ്യാപകനാണെന്ന ആത്മഹത്യാ കുറിപ്പ് ഫോണിലുള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
ഐ.ഐ.ടിയിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയെ സമീപിക്കാനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്. സഹോദരി അയിഷയുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയേക്കും.കൊല്ലം കിളികൊല്ലൂരിലെ വീട്ടിലെത്തി അന്വേഷണ സംഘം മാതാവിന്റെയും സഹോദരിയുടെയും മൊഴിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല.
വിഷയം പ്രധാനമന്ത്റിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് കുടുംബം.