വൈക്കം : അക്കരപ്പച്ച തേടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത് പോയവരെയെല്ലാം ജനങ്ങൾ തിരസ്കരിച്ച ചരിത്രമാണുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെ സംയുക്തയോഗം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാതെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി അക്കരപ്പച്ച തേടി പോയവരാരും നിലനിന്നിട്ടില്ലെന്ന് യോഗത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യോഗത്തോട് ചേർന്ന് നിന്ന് കിട്ടാവുന്ന നേട്ടങ്ങളെല്ലാം കൊയ്തെടുത്തിട്ടും ആർത്തി മാറാത്തവരാണ് യോഗത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നത്. സ്ഥാനമാനങ്ങൾ നൽകിയ സമുദായത്തെ മറന്ന് വഴിതെറ്റിയാണ് സഞ്ചാരമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ചിലർ ശത്രുക്കളായി. അധികാര വ്യാമോഹത്താൽ സമനില തെറ്റിയ അവർ പുതിയ മേച്ചിൽപ്രുറങ്ങൾക്കായി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. യോഗനേതൃത്വത്തിനെതിരെ സുപ്രീം കോടതി വരെ കേസുകൾ കൊടുത്ത് ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. യോഗത്തിന്റെ പല തലങ്ങളിൽ മത്സരിച്ച് പുറത്ത് പോയവർ, ആഗ്രഹിച്ച അവസരങ്ങൾ നഷ്ടമായവർ, അനുയായികളില്ലാതെ സ്വയം നേതാവായി പ്രഖ്യാപിച്ച് നടക്കുന്നവർ, ഇങ്ങനെ പലരെ കൂട്ടുപിടിച്ച് യോഗനേതൃത്വത്തോട് പ്രതികാരം ചെയ്യുന്നു. . ഇത്തരം കറുത്ത ശക്തികൾ മഹാകവി കുമാരനാശാന്റെ കാലത്തും ആർ.ശങ്കറിന്റെ കാലത്തുമെല്ലാം ഇരുളിന്റെ മറപറ്റി വന്ന് സമുദായത്തിന്റെ വെളിച്ചം കെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അന്നെല്ലാം ജനകീയ കോടതി ഇവരെ വിചാരണ ചെയ്ത് ഇരുളിലേക്ക് തിരിച്ചയച്ചിട്ടുമുണ്ട്. ആ തിരിച്ചറിവ് നമുക്കുമുണ്ടാവണം. ഛിദ്ര ശക്തികളെ തിരിച്ചറിയണം.
സാമൂഹ്യനീതി ഇന്നും അകലെയാണ്. ദേവസ്വം ബോർഡിന്റെ പതിനായിരത്തോളം ജീവനക്കാരിൽ 96 ശതമാനവും സവർണരാണ്. പിന്നാക്കക്കാരായ പുരോഹിതർക്ക് ശ്രീകോവിലിൽ കയറി പൂജ നടത്താനാവുന്നില്ല. ഒരു പിന്നാക്കക്കാരനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാൻ എൽ.ഡി.എഫ് ഗവൺമെന്റ് തീരുമാനിച്ചത് ശ്രദ്ധേയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വൈറ്റ് ഗേറ്റ് റസിഡൻസിയിൽ നടന്ന യോഗത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ദേവസ്വം പ്രസിഡന്റ് സന്തോഷ് അരയാക്കണ്ടി, വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതവും യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ നന്ദിയും പറഞ്ഞു.