ഉഡുപ്പി: പല്ലുതേക്കാൻ അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച മദ്ധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. ഉഡുപ്പിയിലെ മാൽപെയിൽ സ്വദേശി ലീല കർക്കരെയാണ് മരിച്ചത്. പല്ലുതേക്കാനുള്ള ടൂത്ത് പേസ്റ്റിന് പകരം എലിവിഷം ഉപയോഗിക്കുകയായിരുന്നു. വ്യത്യാസം മനസിലായതിനെ തുടർന്ന് ലീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് 57കാരി ലീല മരണപ്പെട്ടത്.
നവംബർ 19നാണ് സംഭവം ഉണ്ടായത്. എലിവിഷം പേസ്റ്റ് രൂപത്തിൽ ഉപയോഗിക്കുമെന്നത് അറിയില്ലായിരുന്നുവെന്നും ടൂത്ത് പേസ്റ്റിന് അടുത്താണ് എലിവിഷം വെച്ചിരുന്നതെന്നും ഇവർ ആശുപത്രിയിൽ വച്ച് പൊലീസിനോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും കേസെടുത്ത് അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി