fadnavis

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ലെന്ന് സമ്മതിച്ചുകൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിർദ്ദേശത്തെ തുടർന്ന്. വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ ഷായും മോദിയും ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുന്നത്. സുപ്രീം കോടതിയുടെ വിധി വന്ന സ്ഥിതിക്ക് ഇനി മുൻപിലുള്ള വഴികൾ എന്തൊക്കെയാണെന്ന് ആലോചിക്കാനാണ് മൂവരും തമ്മിൽ കണ്ടത്.

നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടണമോ അതോ ഫഡ്‌നാവിസ് രാജിവയ്ക്കണമോ എന്നതായിരുന്നു പ്രധാനമായുണ്ടായിരുന്ന ആശയക്കുഴപ്പം. ഒടുവിൽ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കട്ടെ എന്ന് അമിത് ഷായും മോദിയും തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതൊരു തോൽവിയല്ലെന്നും അണിയറയിൽ എന്തോ ഒരുങ്ങുന്നുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഭരണഘടനാ ദിനം ആഘോഷിക്കാനായി പാർലമെന്റിൽ ഉണ്ടായിരുന്ന ഷായും മോദിയും സുപ്രീം കോടതി വിധി വന്നയുടനെ ഫഡ്നാവിസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്നുച്ചയ്ക്ക് മൂന്നരയ്ക്കാണ് ഫഡ്‌നാവിസ് സർക്കാർ രാജിവച്ചത്.

മഹാരാഷ്ട്രയിൽ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസും രാജിവച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി ഉണ്ടാകുന്നത്. മുംബയിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്ക്കുന്നെന്നും ജനങ്ങൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ആഗ്രഹിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാരിന്റെ ഭൂരിപക്ഷം വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി.