കിട്ടാക്കടം കൂടുന്നുവെന്നും ജാഗ്രത വേണമെന്നും റിസർവ് ബാങ്ക്
മുംബയ്: ചെറുകിട സംരംഭകർക്ക് വായ്‌പാസഹായം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മുദ്രാ യോജനയിൽ കിട്ടാക്കടം കൂടുകയാണെന്നും ഇക്കാര്യത്തിൽ ബാങ്കുകൾ ജാഗ്രത പുലർത്തണമെന്നും റിസർവ് ബാങ്കിന്റെ നിർദേശം. മുദ്രാ വായ്‌പകൾ കൃത്യമായി നിരീക്ഷിക്കണമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം.കെ. ജെയിൻ ബാങ്കുകളോട് നിർദേശിച്ചു. ഈയിനം വായ്‌പകൾ കിട്ടാക്കടമാകുന്നത് ബാങ്കിംഗ് മേഖലയെയും സമ്പദ്‌രംഗത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും മുദ്രാ വായ്‌പകൾക്കെതിരെ റിസർവ് ബാങ്ക് രംഗത്തെത്തിയിരുന്നു. 2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, 'മൈക്രോ യൂണിറ്ര്‌സ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി" എന്ന മുദ്രാ യോജന പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങൾക്ക് വായ്‌പയിലൂടെ മൂലധനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശിശു, കിഷോർ, തരുൺ എന്നീ വായ്‌പാ വിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്. ശിശുവിൽ 50,000 രൂപവരെയും കിഷോറിൽ അഞ്ചുലക്ഷം രൂപ വരെയും തരുണിൽ 10 ലക്ഷം രൂപവരെയും വായ്‌പ ലഭിക്കും.
ഉയരുന്ന കിട്ടാക്കടം
₹3.21 ലക്ഷം കോടി
ഇതുവരെ മുദ്രാ വായ്‌പയായി 3.21 ലക്ഷം കോടി രൂപ ബാങ്കുകൾ വിതരണം ചെയ്‌തിട്ടുണ്ട്. 2015 മുതൽ ഈവർഷം ജൂൺവരെ വിതരണം ചെയ്‌തത് 19 കോടി മുദ്രാ വായ്‌പകളാണ്.
126%
റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം മുദ്രാ വായ്‌പകളിലെ കിട്ടാക്കടം 2017-18ലെ 7,277.31 കോടി രൂപയിൽ നിന്ന് 2018-19ൽ 16,481.45 കോടി രൂപയായി ഉയർന്നു. 126 ശതമാനമാണ് വർദ്ധന.