മുംബയ്: ബി.ജെ.പിയോടൊപ്പം ചേർന്ന എൻ.സി.പി നേതാവും എം.എൽ.എയുമായ അജിത് പവാറിനെ തിരികെ ക്ഷണിച്ച് എൻ.സി.പി. മണിക്കൂറുകൾക്കുള്ളിൽ മുംബയ് മറൈൻ ലൈൻസിലെ ട്രൈഡന്റ് ഹോട്ടലിൽ നടക്കുന്ന എൻ.സി.പി - കോൺഗ്രസ് - എൻ.സി.പി ത്രികക്ഷി ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് അജിത് പവാറിന് ലഭിച്ചത്. 'അജിത് ദാദ, വീ ലവ് യൂ' എന്ന പ്ലകാർഡുകളുമായാണ് അജിത്തിനെ അദ്ദേഹത്തിനെ പിന്താങ്ങുന്ന എൻ.സി.പിക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്.
ബി.ജെ.പിയോടൊപ്പം ചേർന്ന അജിത് പവാറിനോട് തങ്ങൾ ക്ഷമിക്കാൻ തയാറാണെന്ന സൂചനയാണ് എൻ.സി.പി നൽകുന്നത്. അജിത് പവാർ 'വീട്ടിലേക്ക്'(ഘർ വാപ്പസി) തിരികെ എത്തുകയാണെന്നു എൻ.സി.പി വൃത്തങ്ങളും സൂചന നൽകുന്നുണ്ട്. അതേസമയം, നിരവധി എൻ.സി.പി നേതാക്കളും അജിത് പവാറും, മകൾ സുപ്രിയ സുലെയും അജിത്തിനെ 'തിരികെ എത്തിക്കാൻ ശ്രമിക്കണമെന്ന്' പാർട്ടി അംഗങ്ങൾക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. സർക്കാർ രൂപീകരണം ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ത്രികക്ഷികൾ മുംബയ് ഹോട്ടലിൽ ചർച്ചകൾ നടത്താൻ ഒരുങ്ങുന്നത്.
മഹാരാഷ്ട്രയിൽ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസും രാജിവച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി ഉണ്ടാകുന്നത്. മുംബയിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്ക്കുന്നെന്നും ജനങ്ങൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ആഗ്രഹിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാരിന്റെ ഭൂരിപക്ഷം വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി.