മുംബയ്: മഹാരാഷ്ട്ര ഗവർണറെ പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഭരണഘടനാദിനത്തിൽ ജനാധിപത്യം ജയിച്ചു. ദേവേന്ദ്ര ഫഡ‍്നാവിസിന്റെ രാജി ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി. മുംബയിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്ക്കുന്നെന്നും ജനങ്ങൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ആഗ്രഹിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാരിന്റെ ഭൂരിപക്ഷം വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വിശ്വാസവോട്ട് നേടണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് രാജി.
നേരത്തെ ഉപമുഖ്യമന്ത്രി അജിത് പവാർ രാജിവച്ചിരുന്നു. പിന്നാലെയാണ് സർക്കാരിന്റെ നാടകീയമായ രാജി. ബി.ജെ.പി പ്രതിപക്ഷമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു.